
2019 മോഡല്‍ ഡുകാറ്റി സ്ക്രാംബ്ലര്‍ 800 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡുകാറ്റി സ്ക്രാംബ്ലര്‍ ഐക്കണ്‍, കഫേ റേസര്‍, ഡെസേര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍ എന്നീ വേരിയന്റുകളാണ് വിപണിയിലെത്തിച്ചത്. യഥാക്രമം 7.89 ലക്ഷം രൂപ, 9.78 ലക്ഷം രൂപ, 9.93 ലക്ഷം രൂപ, 8.92 ലക്ഷം രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐക്കണ്‍, ഡെസേര്‍ട്ട് സ്ലെഡ്, കഫേ റേസര്‍ വേരിയന്റുകള്‍ വിതരണം ചെയ്തുതുടങ്ങും. ഫുള്‍ ത്രോട്ടില്‍ വേരിയന്റ് ജൂണ്‍ മാസത്തോടെ മാത്രമേ ഉപയോക്താക്കളുടെ കൈകളിലെത്തൂ. ഡുകാറ്റി സ്ക്രാംബ്ലര്‍ 1100 മോട്ടോര്‍സൈക്കിളിലേതുപോലെ, 2019 മോഡല്‍ സ്ക്രാംബ്ലര്‍ ഐക്കണില്‍ 10 സ്പോക്ക് അലോയ് വീലുകള്‍ നല്കിയിരിക്കുന്നു.
മുമ്പത്തേക്കാള്‍ കൂടുതല്‍ പരന്ന സീറ്റാണ് ഐക്കണില്‍ കണ്ട മറ്റൊരു പരിഷ്കാരം. മെച്ചപ്പെട്ട സസ്പെന്ഷന് സംവിധാനമാണ് 2019 മോഡല്‍ ഡുകാറ്റി സ്ക്രാംബ്ലര്‍ 800 മോട്ടോര്‍സൈക്കിളുകളിലെ വലിയ മാറ്റം
നിലവിലെ അതേ 803 സിസി, എല്‍-ട്വിന്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് 2019 ഡുകാറ്റി സ്ക്രാംബ്ലര്‍ 800 മോട്ടോര്‍സൈക്കിളുകള്‍ക്ക് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,250 ആര്‍പിഎമ്മില്‍ 73.4 എച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 67 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.
2015 നുശേഷം ഇന്ത്യയില്‍ 500 ലധികം സ്ക്രാംബ്ലര്‍ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ കമ്പനിക്ക് കഴിഞ്ഞു. ഇന്ത്യയിലും ആഗോളതലത്തിലും ഏറ്റവുമധികം വിജയം വരിച്ച ഡുകാറ്റി മോഡലുകളിലൊന്നാണ് സ്ക്രാംബ്ലര്‍ നിര.






