
'മേരി ഡാഡ് കി മാരുതി' , 'ജലേബി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയും വീഡിയോ ജോക്കിയുമായ റിയ ചക്രബര്‍ത്തി ജീപ്പ് കോംപസ് എസ്.യു.വി സ്വന്തമാക്കി.
പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ, ഹർദിക് പാണ്ഡ്യ എന്നിവരും കോംപസ് ഉടമകളാണ്.
മഗ്നെഷിയോ ഗ്രെയ് നിറമുള്ള വാഹനമാണ് റിയ തിരഞ്ഞെടുത്തിരിക്കുന്നത്. 2017 ജൂലൈ 31നായിരുന്നു ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയില്‍ എത്തിയത്. സ്പോര്‍ട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലെസ് എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 15.60 ലക്ഷം രൂപയിലാണ്.
2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ടു എന്‍ജിനുകളാണ് കോംപസിനുള്ളത്.
3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന് ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.






