
കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്യുവിയായ എച്ച്ആര്‍-വിയെ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചെക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. എന്നാൽ, 2019 രണ്ടാം പകുതിയില്‍ വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോണ്ട എച്ച്ആര്‍-വിയുടെ ഇന്ത്യന്‍ വിപണി പ്രവേശം ഒരു ചര്‍ച്ചാ വിഷയമായിരുന്നു. എസ്യുവി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യത ഹോണ്ട തള്ളിക്കളയുകയായിരുന്നു. എസ്യുവി ഉയര്‍ന്ന വിലയില്‍ വില്‍ക്കേണ്ടിവരുമെന്നതാണ് ഹോണ്ടയെ പിന്തിരിപ്പിച്ചത്.
എന്നാല്‍ ഈയിടെയായി ഇന്ത്യയില്‍ 12 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയില്‍ വില വരുന്ന പ്രീമിയം എസ്യുവികള് ധാരാളം വിറ്റുപോകുന്നത് ജാപ്പനീസ് കമ്പനി കണക്കിലെടുത്തു. 2014 ലാണ് നിലവിലെ (രണ്ടാം തലമുറ) എച്ച്ആര്‍-വി ഉല്‍പ്പാദനം ആരംഭിച്ചത്. 2018 ല്ലാണ് ഏറ്റവുമൊടുവില്‍ എസ്യുവി പരിഷ്കരിച്ചത്.
ഈ വര്‍ഷം തന്നെ പുതിയ എച്ച്ആര്‍-വി ആഗോള അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പുതു തലമുറ (മൂന്നാം തലമുറ) എച്ച്ആര്‍-വി നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഹോണ്ട.
നിലവിലെ തലമുറയാണോ പുതു തലമുറയാണോ ഇന്ത്യയിലെത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിലെ തലമുറ എച്ച്ആര്‍-വി ആദ്യം അവതരിപ്പിച്ച് ഇന്ത്യന്‍ വിപണിയിലെ പ്രതികരണം മനസ്സിലാക്കാന്‍ ഹോണ്ട ശ്രമിക്കും. പിന്നീട് പുതുതലമുറ ഹോണ്ട എച്ച്ആര്‍-വി ഇന്ത്യയിലേക്ക് എത്തിയേക്കും.
ബിഎസ് 6 എന്‍ജിനുകളോടെ ആയിരിക്കും ഹോണ്ട എച്ച്ആര്‍-വി ഇന്ത്യയിലെത്തുന്നത്. എല്‍ഇഡി ഹെഡ്ലാംപുകള്, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയവയാണ് ഹോണ്ട എച്ച്ആര്‍-വി എസ്യുവിയുടെ സവിശേഷതകളിൽ ചിലത്.






