
ലണ്ടന്‍ : വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു 50 ആഴ്ച തടവു ശിക്ഷ വിധിച്ചു. ജാമ്യ നിബന്ധന പാലിക്കാതെ 2012 ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതിനാണ് സൗത്ത് വര്‍ക്ക്സ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസമാണ് ലണ്ടന്‍ പോലീസ് അസാന്‍ജിനെ എംബസിക്കുള്ളില്‍ നിന്നും അറസ്റ്റു ചെയ്തത്.
കോടതിക്ക് മുമ്പാകെ അസാന്‍ജിന്റെ അഭിഭാഷകന് വച്ച വാദങ്ങളും അദ്ദേഹത്തിന്റെ കത്തും കോടതി തള്ളിക്കളഞ്ഞു. തനിക്ക് ഖേദമുണ്ടെന്നും എന്നാല്‍ അതല്ലാതെ മറ്റൊരു വഴി തനിക്കില്ലായിരുന്നുവെന്നുമായിരുന്നു ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞു കൂട്ടിയതിനെ കുറിച്ച് കത്തില്‍ അസാന്‍ജ് വിവരിച്ചത്. ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് അസാന്‍ജ് 2012ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്.
ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരുന്ന അസാന്‍ജിനെ ഏപ്രില്‍ 11നാണ് ബ്രിട്ടന് പോലിസ് അറസ്റ്റ് ചെയ്തത്. അസാന്‍ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം ഇക്വഡോര്‍ എംബസി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അമേരിക്കന്‍ രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് പത്ത് വര്‍ഷമായി അറസ്റ്റ് ഭീഷണി നേരിടുകയായിരുന്നു. സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് അസാന്‍ജിന് ഇക്വഡോര്‍ അഭയം നല്‍കുന്നത്. സ്വീഡനിലേക്ക് നാടുകടത്തിയാല്‍ അമേരിക്ക തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അസാന്‍ജ് നേരത്തെ പറഞ്ഞിരുന്നു. അസാന്‍ജിനെതിരെ സ്വീഡനിലുള്ള പീഡനക്കേസ് പിന്നീട് റദ്ദാക്കിയിരുന്നു.






