ബെന്‍സി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
Authored by Web Desk | Last updated: 02 May 2019, 9:15 AM | 2 min read
രാഹുല്‍ മാധവ്, ബാല, അഷ്കര്‍ സൗദാന്‍, ആര്യന്, അബിന്‍ ജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയരായ രാഹുല്‍ മാധവ്, ബാല, അഷ്കര്‍ സൗദാന്‍, ആര്യന്, അബിന്‍ ജോണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു.
കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ നിര്‍മ്മിക്കുന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ഏഴാമത്തെ ചിത്രമാണ് ഈ സിനിമ. ചിത്രത്തിന്റെ ടൈറ്റില്‍ ആയിട്ടില്ല. വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള സിനിമ വളരെ രസകരമായി കഥ പറഞ്ഞുപോകുന്ന പുതുമയുള്ള ചിത്രം കൂടിയാണ്. പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
ഒട്ടേറെ പുതുമയുള്ള ചിത്രം സസ്പെന്‍സ് നിറഞ്ഞത് കൂടിയായതിനാല്‍ കഥാ പശ്ചാത്തലം വെളിപ്പെടുത്താനാവില്ലെന്ന് സംവിധായകന് ദിലീപ് നാരായണന് പറഞ്ഞു. കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദം പ്രമേയമായി വരുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഹൃദ്യമായി സൗഹൃദത്തിന്റെ രസവും നോവും ആഹ്ളാദവുമൊക്കെ ഈ ചിത്രം ഒപ്പിയെടുക്കുന്നു.
അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ഈ ചെറുപ്പക്കാരുടെ ജീവിതം പുതിയൊരു സന്ദേശം കൂടി യൂത്തിന് പകര്‍ന്നു നല്‍കുകയാണ്. രാഹുല്‍ മാധവ് (കണ്ണന്)അഷ്കര്‍ സൗദാന്‍(അജു), ആര്യന് (അപ്പു), അബിന്‍ ജോണ്‍(വിക്കി) ഈ സൗഹൃക്കൂട്ടമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്.
ഇവരുടെ സൗഹൃദ ജീവിതത്തിലേക്ക് കടന്നുവരുന്ന വില്ലനാണ് ബാല(രംഗനാഥന്). ബാല പ്രതിനായക വേഷത്തിലാണ് ചിത്രത്തിലുള്ളത്. നീരജ (ശാലിനി)യാണ് നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്.