
സംവിധായകന് ഭരതന്റെ മകന് സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന 'ജിന്ന്' എന്ന പുതിയ ചിത്രത്തില്‍ സൗബിന് ഷാഹിറും നിമിഷ സജയനും ഒന്നിക്കുന്നു. മികച്ച നടനും നടിയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം നേടിയ സൗബിനും നിമിഷയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
ദുല്‍ഖര്‍ സല്മാന് - സായി പല്ലവി കൂട്ടുകെട്ടിലൊരുങ്ങിയ കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡി ഫോര്‍ എന്റര്‍ടെന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന് ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രശാന്ത് പിള്ള സംഗീതവും ഭവന് ശ്രീകുമാര്‍ ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.
ഒരു യമണ്ടന്‍ പ്രണയ കഥയിലാണ് സൗബിന് അവസാനമായെത്തിയത്. സംവിധായകന്റെ സഹായി ആയിട്ടായിരുന്നു മലയാള ചലചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹ നടനായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സുഡാനി ഫ്രം നൈജീരിയയാണ് സൗബിന് കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം സൗബിനു ലഭിച്ചത്.
നിരവധി ചിത്രങ്ങളാണ് സൗബിന്റേതായി പുറത്തിറങ്ങാനുള്ളത്. ആഷിക്ക് ആബുവിന്റെ വൈറസ്, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, ജോണ്‍പോളിന്റെ അമ്പിളി, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില് തുടങ്ങിയവ അണിയറയില്‍ ഒരുങ്ങുന്നു. കുടാതെ കുഞ്ചാക്കോ ബോബനെ നായകനാക്കി രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗബിന്.
രാജിവ് രവിയുടെ തുറമുഖം, ലാല്‍ ജോസിന്റെ 41.വിധു വിന്‍സന്റിന്റെ സ്റ്റാന്റ് അപ്പ് എന്നിവയാണ് നിമിഷയുടെ പുതിയ ചിത്രങ്ങള്‍. സിനിമ പ്രഖ്യാപിച്ചതിനു ശേഷം ആവേശത്തിലാണ് ആരാധകര്‍. സിനിമയിലുള്ളവരുടെ പേരുമാത്രം മതി സിനിമയുടെ ആവേശം കൂട്ടാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
