
ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 സിഎന്‍ജി എന്‍ജിനിലും അവതരിപ്പിച്ചു. 6.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഗ്രാന്റ് ഐ10 മാഗ്ന വേരിയന്റിലാണ് സിഎന്‍ജി എന്ജിന് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ടാക്സി മേഖലയെ ലക്ഷ്യമാക്കിയാണ് ഹ്യുണ്ടായി ഈ മോഡലിന്റെ സിഎന്‍ജി പതിപ്പ് ഇറക്കിയിരിക്കുന്നതെന്നാണ് സൂചന.
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 64 ബിഎച്ച്പി പവറും 98 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജി എന്ജിന് ഉത്പാദിപ്പിക്കുന്നത്. ബ്ലൂടൂത്ത് സംവിധാനമുള്ള ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, പവര്‍ അഡ്ജസ്റ്റിങ് റിയര്‍വ്യു മിറര്‍, റിയര്‍ എസി വെന്റ്, പവര്‍ വിന്റോ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.
2013-ലാണ് ഹ്യുണ്ടായി ഗ്രാന്റ് ഐ10 അവതരിപ്പിക്കുന്നത്. സിഎന്‍ജി എന്‍ജിനിലെത്തുന്ന ഹ്യുണ്ടായിയുടെ രണ്ടാമത്തെ വാഹനമാണ് ഗ്രാന്റ് ഐ10. പെട്രോള്‍ മോഡലിനെക്കാള്‍ 67,000 രൂപ കൂടുതലാണ് സിഎന്‍ജി പതിപ്പിന്. സാന്‍ട്രോയുടെ രണ്ടാം വരവില്‍ സിഎന്‍ജി എന്‍ജിനും നല്‍കിയിരുന്നു.






