
ടാറ്റ മോട്ടോഴ്സും ടിവിഎസ് ഗ്രൂപ്പും വനിതാ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി റോഡ് സൈഡ് അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്നു. സ്ത്രീകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് സൂചന.
വാഹനത്തിന്റെ കേടുപാടുകള്‍, റോഡ് അപകടങ്ങള്‍, ഇന്ധനക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം ഈ സേവനം ലഭ്യമാക്കാം. ഈ സേവനം രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളിൽ ലഭ്യമായിരിക്കും. ഈ സമയങ്ങളില്‍ വാഹന സംബന്ധമായ എന്ത് പ്രശ്നങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.
വനിതകള്‍ക്ക് മാത്രമായി ഇത്തരം ഒരു സേവനം രാജ്യത്ത് തന്നെ ആദ്യമായാണ് ഒരുക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് പറയുന്നു. രാജ്യത്ത് വനിതാ ഡ്രൈവര്‍മാരുടെ എണ്ണം ഉയര്‍ന്നുവരുന്നത് കണക്കിലെടുത്താണ് കമ്പനിയുടെ നടപടി. രാത്രികാലങ്ങളിലെ വനിതാ ഡ്രൈവര്‍മാരുടെ യാത്രകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ടിവിഎസ് ഗ്രൂപ്പും പ്രതിജ്ഞാബദ്ധമാണെന്ന് ടിവിഎസ് അറിയിച്ചു.






