കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിനായി വോട്ട് തേടി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വോട്ടര്‍മാര്‍ തൃണമുല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് നായിഡു അഭ്യര്‍ത്ഥിച്ചു. തൃണമുല്‍ ശക്തി കേന്ദ്രത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. മമത ബംഗാള്‍ കടുവയാണെന്ന് ചന്ദ്രബാബു നായിഡു പ്രശംസിച്ചു.
മമത ബംഗാള്‍ കടുവയാണ്. ഇന്ന് ബംഗാള്‍ എന്ത് ചിന്തിക്കുന്നുവോ അതാണ് നാളെ ഇന്ത്യ ചിന്തിക്കുന്നത്. അതിനാല്‍ എല്ലാവരും മമതയ്ക്ക് വോട്ട് ചെയ്യണം-ടി.ഡി.പി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ഖരഗ്പുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. ബംഗാളിലെ ജാര്‍ഗ്രാം, ഹാല്‍ഡിയ മണ്ഡലങ്ങളിലും ചന്ദ്രബാബു നായിഡു തൃണമുല്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.
ടി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ മാസം വിശാഖപട്ടണത്ത് മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. 175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പാണ് ആന്ധ്രയില്‍ നടന്നത്. ഏപ്രില്‍ 10ന് കഴിഞ്ഞ ഒന്നാം ഘട്ടത്തില്‍ ആന്ധ്രയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.






