
മുംബൈ : സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിനുള്ള തുറന്നു പറച്ചിലായിരുന്നു #മീടൂ. ഇപ്പോള്‍ പുരുഷന്മാര് അവരെ ചൂഷണം ചെയ്യുന്നതിനെതിരെ #മെന്‍ടൂ ക്യംപെയ്നുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രശസ്ത ടിവി താരം കരണ്‍ ഒബ്റോയിയെ പീഡനകേസില്‍ അറസ്റ്റു ചെയ്തതിനെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു സഹോദരി അടക്കമുള്ളവര്‍ ആരോപിച്ചു.
പുരുഷനും തുല്യലിംഗനീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷനല്‍ കമ്മിഷന് ഫോര്‍ വിമെന്‍ (എന്‍സിഡബ്ല്യു) എന്നതുപോലെ നാഷനല്‍ കമ്മിഷന് ഫോര്‍ മെന്‍ സ്ഥാപിക്കണമെന്നും മെന്‍ടൂ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പുരിഷ് ആയോഗ് സ്ഥാപക ബര്‍ക്ക ട്രെഹാന്‍ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. പുരുഷന്മാരുടെ 50 സംഘടനകളും ബര്‍ക്ക ട്രെഹാനൊപ്പുണ്ട്. റാഞ്ചി സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അസോ. പ്രഫസര്‍ ആനന്ദ് കുമാര്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ നാഷണല്‍ കമ്മിഷന് ഫോര്‍ വുമെന് മാറ്റി ലിംഗസമത്വം ഉറപ്പാക്കുന്ന കമ്മിഷന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.






