
കാലങ്ങളായി കേരളത്തില്‍നിന്നു ലോക്സഭയിലേക്കു ബി.ജെ.പി. പ്രതീക്ഷയര്‍പ്പിക്കുന്ന പ്രവേശനകവാടമാണു തിരുവനന്തപുരം മണ്ഡലം. ഇക്കുറി ഇതാദ്യമായി സംസ്ഥാനത്ത് ഒന്നിലേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരം നടന്നെങ്കിലും ആ പട്ടികയില്‍ ഒന്നാമതുതന്നെയാണു സംസ്ഥാനതലസ്ഥാനം.
ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ശശി തരൂര്‍ എന്ന "വിശ്വപൗരനെ" രണ്ടുതവണ ലോക്സഭയിലേക്ക് അയച്ച മണ്ഡലവുമാണു തിരുവനന്തപുരം. ഇത്തവണ ഇവിടെനിന്നു ഹാട്രിക് ജയം തേടിയാണു തരൂര്‍ മത്സരരംഗത്തുള്ളത്.
മൂന്നു പ്രമുഖ സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ക്കെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ഇടം ഉറപ്പാണെന്നതും തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നു. തരൂര്‍ ജയിക്കുകയും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്താല്‍ അദ്ദേഹത്തിനു കേന്ദ്രമന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പ്.
കേന്ദ്രത്തില്‍ എന്‍.ഡി.എ. ഭരണം നിലനിര്‍ത്തുകയും തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് ജയിക്കുകയും ചെയ്താല്‍ അദ്ദേഹവും കേന്ദ്രമന്ത്രിയാകും. ഇരുവര്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എ: സി. ദിവാകരനും രംഗത്തുണ്ട്.
**** അവകാശവാദങ്ങള്‍
കഴിഞ്ഞതവണത്തെ 14,430 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി അരലക്ഷം കടക്കുമെന്നാണു യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിന്റെ അവകാശവാദം. അന്നു തരൂരിനു പിടിവള്ളിയായ പാറശാല, നെയ്യാറ്റിന്‍കര, കോവളം നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് ശതമാനം വര്‍ധിച്ചതും അദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നു.
ഇക്കുറി വിജയം സുനിശ്ചിതമാണെന്ന് എന്‍.ഡി.എ. കണക്കുകൂട്ടുന്നു. പ്രചാരണവിഷയങ്ങളില്‍ ശബരിമലയ്ക്കുതന്നെയായിരുന്നു പ്രാമുഖ്യം. കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും നേട്ടമാകുമെന്നാണു പ്രതീക്ഷ. കുമ്മനത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായാല്‍ കാര്യങ്ങള്‍ കുടുതല്‍ എളുപ്പമാകുമെന്നും നഗരമണ്ഡലങ്ങളായ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും എന്‍.ഡി.എ. വിലയിരുത്തുന്നു.
തിരുവനന്തപുരത്ത് മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണു സി.പി.ഐയും ഇടതുമുന്നണിയും. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ മണ്ഡലത്തില്‍ മേല്‍ക്കൈ ലഭിച്ചെന്ന് എല്‍.ഡി.എഫ്. വിലയിരുത്തുന്നു. തരൂരിനെതിരേ കോണ്‍ഗ്രസില്‍തന്നെ എതിര്‍പ്പുയര്‍ന്നതും പാറശാലയിലും നെയ്യാറ്റിന്‍കരയിലും പോളിങ് ഉയര്‍ന്നതും എല്‍.ഡി.എഫിനു പ്രതീക്ഷ പകരുന്നു.
**** വോട്ടില്‍ കണ്ടത്
തിരുവനന്തപുരം മണ്ഡലത്തില്‍ അന്തിമവിധി നിര്‍ണയിക്കുന്നതു മിക്കപ്പോഴും ന്യൂനപക്ഷ വോട്ടുകളാണ്. കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ലീഡാകും വിജയിയെ നിശ്ചയിക്കുക. 2014-ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 4.76% പോളിങ് വര്‍ധനയാണു മണ്ഡലത്തിലുണ്ടായത്. അതു പ്രധാനമായും ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ്.
നഗരമേഖലയില്‍ പൊതുവേ വോട്ട് ശതമാനത്തില്‍ വര്‍ധനയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ വീതം ഇടതുമുന്നണിയും യു.ഡി.എഫും വിജയിച്ചപ്പോള്‍ ഒരെണ്ണം ബി.ജെ.പിക്കാണു ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.
*** അടിയൊഴുക്കുകള്‍
ന്യൂനപക്ഷ വോട്ടുകള്‍, പ്രധാനമായും നാടാര്‍ സമുദായമാകും തിരുവനന്തപുരത്ത് വിധി നിര്‍ണയിക്കുക. ശബരിമല വിഷയവും വിധിനിര്‍ണയത്തെ സ്വാധീനിക്കും. കോണ്‍ഗ്രസിലെ പടലപ്പിണക്കവും പ്രചാരണത്തിലെ പോരായ്മയും യു.ഡി.എഫിന് ആശങ്കയുയര്‍ത്തുന്നു. സി.പി.എം. പ്രചാരണരംഗത്തു സജീവമായിരുന്നെങ്കിലും വോട്ട് കോണ്‍ഗ്രസിനു മറിച്ചെന്ന ആശങ്ക സി.പി.ഐക്കുമുണ്ട്.






