
ആഫ്രിക്കന്‍ രാജ്യമായ സെനഗലിനു മിനി ബസ് വില്‍ക്കാനൊരുങ്ങി വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്ലന്ഡ. നേരത്തെ സെനഗലിലെ ഡാകര്‍ ഡെം ഡിക്കിന് 475 ബസ്സുകള്‍ വിജയകരമായി കൈമാറിയ പിന്നാലെയാണു പുതിയ ഓര്‍ഡര്‍ ലഭിച്ചതെന്ന് അശോക് ലേയ്ലന്‍ഡ് വിശദീകരിച്ചു.
സെനഗല്‍ തലസ്ഥാനമായ ഡാകര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന സെന്‍ബസ് ഇന്‍ഡസ്ട്രീസിന് 400 മിനി ബസ് ലഭ്യമാക്കാനുള്ള കരാറാണ് അശോക് ലേയ്ലന്‍ഡ് നേടിയത്. മൊത്തം 1.006 കോടി യൂറോ (ഏകദേശം 78.82 കോടി രൂപ) യാണു മിനി ബസ്സുകളുടെ വില.
ദൃഢതയും കരുത്തുമുള്ള പ്ലാറ്റ്ഫോമില്‍ ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച 'ഈഗിള്‍ 916' മിനി ബസ്സുകളാവും സെനഗലിനു കൈമാറുകയെന്നും കമ്പനി അറിയിച്ചു.
സെനഗലിലെ ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കാനാവും ഈ മിനി ബസ്സുകള്‍ ഉപയോഗിക്കുകയെന്ന് അശോക് ലേയ്ലന്‍ഡ് വൈസ് പ്രസിഡന്റ്(പ്രോജക്ട്സ് ആന്‍ഡ് ഡിഫന്‍സ് സെയില്‍സ്, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ്) അര്‍ജിത് ദത്ത ചൗധരി അറിയിച്ചു. ഈ മിനി ബസ്സുകളുടെ വരവോടെ സെനഗലിലെ ഗ്രാമപ്രദേശങ്ങള്‍ക്ക് സുസ്ഥിര യാത്രാമാര്‍ഗം ലഭ്യമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലിനീകരണ നിയന്ത്രണത്തില്‍ യൂറോ മൂന്ന് നിലവാരമുള്ള ബസ്സുകളില്‍ ഇന്‍ലൈന്‍ പമ്പ് സഹിതം മികച്ച സാങ്കേതികവിദ്യയാണുള്ളത്. അനായാസം കൈകാര്യം ചെയ്യാവുന്ന ഈ മിനി ബസ്സുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഫ്രിക്കയില്‍ വിപുലമായ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് 'ഈഗിള്‍ 916' വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തുന്നത്. ജൂണ്‍ അവസാനത്തോടെ ബസ്സുകള്‍ സെനഗല്‍ തലസ്ഥാനത്തെത്തിക്കാനാവുമെന്നാണ് അശോക് ലേയ്ലന്‍ഡിന്റെ പ്രതീക്ഷ.






