
സാന്‍ഫ്രാന്‍സിസ്കോ : ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കി പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയില്‍ കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ട്.
ഐജിടിവിയില്‍ വീഡിയോകള്‍ 'ഫോര്‍ യു', 'ഫോളോയിങ്', 'കണ്ടിന്യൂ വാച്ചിങ്' എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി ക്രമീകരിച്ചിരുന്ന രീതി മാറ്റി. പകരം അല്‍ഗൊരിതം അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയാണ് കൊണ്ടുവന്നത്.
2018-ലാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പങ്കുവെക്കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഐജിടിവി അഥവാ ഇന്‍സ്റ്റാഗ്രാം ടിവി തുടങ്ങിയത്.
ഇന്‍സ്റ്റഗ്രാം ആപ്പിനുള്ളില്‍ നിന്നും ഐജിടിവിയിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടെങ്കിലും ഐജിടിവിയ്ക്ക് പ്രത്യേകം ആപ്ലിക്കേഷനുണ്ട്. എന്നാല്‍ ഐജിടിവി ആപ്ലിക്കേഷന്‍ പ്രചാരം വളരെ കുറവാണെന്നാണ് കണക്കുകള്‍.
42 ലക്ഷം പേര് മാത്രമാണ് ഐജിടിവി ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ദിവസേന 7,700 പുതിയ ഉപയോക്താക്കള്‍ ചേരുന്നുണ്ടെന്നും ടിസെന്സര് ടവറിന്റെ കണക്കുകള്‍ പറയുന്നു.
നൂറ് കോടിയിലധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റാഗ്രാമിന്റെ 50 ശതമാനത്തേക്കാള്‍ കുറവാണിത്. ഈ സാഹചര്യത്തിലാണ് ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ശ്രമിച്ചുവരുന്നത്.
അതേസമയം വീഡിയോകളുടെ പട്ടിക ക്രമീകരിച്ചതിന്റെ രൂപകല്പനയിലും മാറ്റം വന്നു. മുകളില്‍ നിന്നും താഴേക്ക് നീക്കുമ്പോള്‍ പുതിയ വീഡിയോകള്‍ വരും വിധം 'ഇന്‍ഫിനിറ്റി ഗ്രിഡ്' മാതൃകയിലാണ് വീഡിയോ ക്രമീകരിച്ചിരിക്കുന്നത്. ഇത് സ്നാപ്ചാറ്റില്‍ നിന്നും പകര്‍ത്തിയ മാതൃകയാണ്. നേരത്തെ തിരശ്ചീനമായി (ഹൊറിസോണ്ടല്‍) ആയി സ്ക്രോള്‍ ചെയ്യുന്ന രീതിയായിരുന്നു ഐജിടിവിയില്‍ ഉണ്ടായിരുന്നത്.






