
2020 മധ്യത്തോടെ സ്കോഡയുടെ കറോക്ക് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. റിപ്പോർട്ട് അനുസരിച്ച് പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. എന്നാൽ, ഇന്ത്യന്‍ വിപണിയിലെ പ്രതികരണമറിഞ്ഞ ശേഷം തദ്ദേശീയമായി അസംബിള്‍ ചെയ്യുന്ന കാര്യം ആലോചിക്കും.
സ്കോഡ വാഹന നിരയില്‍ 7 സീറ്റര്‍ സ്കോഡ കോഡിയാക്കിന് താഴെയാണ് 5 സീറ്റര്‍ കറോക്കിന് സ്ഥാനം. സ്കോഡ യതിയേക്കാള് വലുപ്പമുള്ളവനാണ് സ്കോഡ കറോക്ക്. എംക്യുബി മോഡുലര്‍ പ്ലാറ്റ്ഫോമിലാണ് സ്കോഡ കറോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സ്കോഡ ഒക്ടാവിയ, സ്കോഡ സൂപ്പര്‍ബ്, ഫോക്സ്വാഗണ് പസാറ്റ് തുടങ്ങിയ മറ്റ് ഫോക്സ്വാഗണ് ഗ്രൂപ്പ് കാറുകളും ഇതേ പ്ലാറ്റഫോമാണ് ഉപയോഗിക്കുന്നത്.
സ്കോഡ കറോക്ക് എസ്യുവി ആഗോളതലത്തില്‍ രണ്ട് പെട്രോള്‍ എന്‍ജിനുകളിലും മൂന്ന് ഡീസല്‍ എന്‍ജിനുകളിലുമാണ് വരുന്നത്. 115 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്ഐ എന്ജിന്, 150 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ മോട്ടോര്‍ എന്നിവയാണ് പെട്രോള്‍ എന്‍ജിനുകള്‍.
പുതിയ 115 എച്ച്പി പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ എന്ജിന്, കോഡിയാക്ക് ഉപയോഗിക്കുന്ന 150 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്ജിന്, 189 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ മോട്ടോര്‍ എന്നിവയാണ് മൂന്ന് ഡീസല്‍ എന്‍ജിനുകള്‍. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ടോപ് സ്പെക് എന്‍ജിനുമായി സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. മറ്റ് എന്‍ജിനുകളുടെ കൂട്ട് 6 സ്പീഡ് മാന്വലാണ്.






