
യമഹ എംടി-15 മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവർക്ക് എംടി ബ്രാന്‍ഡഡ് റൈഡിംഗ് ജാക്കറ്റ് അല്ലെങ്കില്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. നിലവിലെ ഉടമകള്‍ക്കും റൈഡിംഗ് ജാക്കറ്റ്/ഹെല്‍മറ്റ് ലഭ്യമായിരിക്കുമെന്നും യമഹ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഇതിനായി അംഗീകൃത ഡീലര്‍മാര്‍ ബന്ധപ്പെടും. എന്നാല്‍ ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിരിക്കും.
യമഹ എംടി-15 നേക്കഡ് സ്ട്രീറ്റ് ബൈക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.36 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന യമഹയുടെ എംടി സീരീസ് മോട്ടോര്‍സൈക്കിളാണ് എംടി-15. വിപണിയിലെത്തിച്ച ആദ്യ മാസത്തില്‍തന്നെ 5,203 യൂണിറ്റ് യമഹ എംടി-15 വിറ്റുപോയിരുന്നു. കെടിഎം 125 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 200, ബജാജ് പള്‍സര്‍ എന്‍എസ് 200 എന്നിവയാണ് പ്രധാന എതിരാളികള്‍.
മണിക്കൂറില്‍ 129 കിലോമീറ്ററാണ് ടോപ് സ്പീഡ്. 138 കിലോഗ്രമാണ് കെര്‍ബ് വെയ്റ്റ്. മുന്നില്‍ 282 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്ക് ബ്രേക്കും നല്കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. യമഹ ആര്15 വി 3.0 ഉപയോഗിക്കുന്ന അതേ 155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് യമഹ എംടി-15 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 15 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.






