
നിയമങ്ങള്‍ ശക്തമാണെങ്കിലും സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവില്ല. വീടിനകത്തും പുറത്തും തൊഴിലിടങ്ങളിലുമൊക്കെ സ്ത്രീകള്‍ ഇന്നും നിരവധി ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നു. സ്ത്രീകള്‍ക്കെതിരായ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകളെ സഹായിക്കാനായി രംഗത്ത് എത്തിയിരിക്കുകയാണ് ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്കോട്ട്ലന്റ് വിദ്യാര്‍ത്ഥിനി.
പെണ്‍കുട്ടികള്‍ക്ക് എതിരായുള്ള പീഡനം തടയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ബിയാട്രിസ് കണ്ടുപിടിച്ചിരിക്കുന്നത്. തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന പീഡന അനുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന ചിന്തയാണ് ബിയാട്രിസിന് ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കാനുള്ള പ്രചോദനം ഉണ്ടായത്. പീഡനം ചെറുക്കുന്നതിനുള്ള ഒരു ബാന്‍ഡാണ് ബിയാട്രിസ് കണ്ടുപിടിച്ചത്. മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ഈ ബാന്‍ഡിലൂടെ സാധിക്കും എന്നാണ് ബിയാട്രിസ് വ്യക്തമാക്കുന്നത്.
ഹൈടെക്ക് സംവിധാനത്തോടെയാണ് റിസ്റ്റ് ബാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്. കൈയ്യില്‍ ധരിക്കുന്ന ബാന്‍ഡിന്റെയും സ്മാര്‍ട്ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിക്ക് താന്‍ അപകടത്തില്‍ പെടും എന്ന സൂചന ലഭിച്ചാല്‍ കയ്യില്‍ ധരിച്ചിരിക്കുന്ന ഉപകരണത്തില്‍ രണ്ടു തവണ ടാപ് ചെയ്യണം. ഈ സമയം ബന്ധുക്കളിലേയ്ക്കും സുഹൃത്തുക്കളിലേയ്ക്കും അപായസന്ദേശം എത്തും. ഇതോടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയും.






