
സതാംപ്ടണ്: ബുംമ്രയുടെ പേസ് മാജിക്, ചഹലിന്റെ സ്പിന്‍ കെണി, മിന്നല്‍പ്പിണരായി ധോണി.. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയ്ക്കെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ക്രിസ് മോറിസിന്റെയും( 34 പന്തില്‍ 42), പുറത്താകാതെ കഗിസോ റാബാദയും( 34 പന്തില്‍ 31 റണ്‍സ്) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 227 ല്‍ എത്തിച്ചത്.
ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റും, ബുംമ്രയും ഭുവനേഷ് കുമാറും രണ്ട് വിക്കറ്റ് വീതവും, കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ചഹലിന്റെ പന്തില്‍ ഫെഹ്ലുവാകയോയെ സ്ംപ് ചെയ്ത ധോണിയും മിന്നല്‍പ്പിണരായി.
ഓപ്പണിങ് നിരയെ ബുംമ്ര മടക്കിയതിനു പിന്നാലെ ഡബിള്‍ വീഴ്ത്തിയാണ് യുസ്വേന്ദ്ര ചഹല്‍ ഇന്ത്യന്‍ നിരയില്‍ ആവേശം വിതറിയത്. മൂന്നാം വിക്കറ്റില്‍ ഡുപ്ലെസി- ഡസന്‍ കൂട്ടുകെട്ട് പൊളിച്ചാണ് ഇരുവരെയും ചഹല്‍ ഗാലറിയിലേക്ക് മടക്കിയത്.
മൂന്നാം ഓവറില്‍ ബുംമ്രയുടെ രണ്ടാം പന്തിലാണ് ബുംമ്ര ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ( ഒന്‍പത് പന്തില്‍ ആറു റണ്‍സ്) സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ച് മടക്കിയത്. പിന്നാലെ അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ക്വിന്റണ്‍ ഡികോക്കിനേയും(17 പന്തില്‍ 10 റണ്‍സ്) മടക്കി ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ചഹല്‍ എത്തിയാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. ഫാഫ് ഡുപ്ലെസി( 54 പന്തില്‍ 38 റണ്‍സ്), വാന്‍ ഡെ ഡസന്‍( 37 പന്തില്‍ 22) എന്നീ വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. പിന്നാലെ എത്തിയ ജെപി ഡുമിനിയെ(11 പന്തില്‍ മൂന്ന്) കുല്‍ദീപ് എല്‍ബിയില്‍ കുരുക്കി. ഡേവിഡ് മില്ലര്‍( 31), ഫെഫ്ലുവകയോ(34) എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായതോടെ ക്രിസ് മോറിസ് കഗിസോ റബാദയും ചേര്‍ന്ന കൂട്ടുകെട്ട് മെല്ലെ സ്കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. അവസാന ഓവറില്‍ ഭുവനേഷ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പൂര്‍ണമായും ഇന്ത്യന്‍ ബൗളര്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്ക്ക് സതാംപ്ടണ് കെണിയായി. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് യുസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.
ലോകകപ്പിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു നില്ക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിലുള്ളതാണ് ഇന്നത്തെ പോരാട്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ് ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടം നേടി. രണ്ട് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും, രണ്ട് ഓള്റൗണ്ടറുമാരും അടങ്ങുന്നതാണ് ഇന്ത്യന്‍ നിര. ആദ്യ പോരാട്ടത്തില്‍ കേദാര്‍ ജാദവിനെയും ഇന്ത്യ പരീക്ഷിക്കുന്നുണ്ട്. നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍ തന്നെ കളിക്കും. ഇന്ത്യന്‍ നിരയില്‍ ജഡേജയ്ക്കും, വിജയ് ശങ്കര്‍ക്കും നറുക്ക് വീണില്ല.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഹഷിം അംല, തബ്റൈസ് ഷംസി അവസാന ഇലവനില്‍ ഇടംനേടി. മോറിസും ഹെഹ്ലുക്വായോ എന്നീ രണ്ട് ഓള്‍റൗണ്ടര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ആദ്യ പോരാട്ടത്തില്‍ ഇംണ്ടിനോടും, രണ്ടാം പോരാട്ടത്തില്‍ ബംാദേശിനോടും പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ജീവന്മരണ പോരാട്ടത്തിനാണ് സതാംപ്ടണില്‍ ഇറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി( ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, കേദാര്‍ ജാദവ്, എംഎസ് ധോണി( വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റെണ്‍ ഡി കോക്ക്( വിക്കറ്റ് കീപ്പര്‍), ഹാഷിം അംല, ഫാഫ് ഡുപ്ലെസിസ്( ക്യാപ്റ്റന്‍), റാസി വാന്‍ ഡി ഡസന്‍, ഡേവിഡ് മില്ലര്‍, ജെപി ഡുമിനി, ആഡൈയ്ല് ഫെഹ്ലുക്വയോ, ക്രിസ് മോറിസ്, കഗിസോ റബാദ, തബ്റൈസ് ഷംസി, ഇമ്രാന് താഹിര്‍.






