
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറായി മാരുതി സ്വിഫ്റ്റ്. കഴിഞ്ഞ മാസം 17,039 സ്വിഫ്റ്റ് യൂണിറ്റുകളാണ് ഡീലര്‍ഷിപ്പുകളിലേക്ക് മാരുതി കയറ്റി അയച്ചത്.
മെയ് മാസത്തെ വില്‍പ്പനയില്‍ ഡിസൈറിനെയും ആള്‍ട്ടോയെയും പിന്നിലാക്കി സ്വിഫ്റ്റ് ഒന്നാമതെത്തി. 4.99 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റ് പെട്രോളിന് വിപണിയില്‍ വില. സ്വിഫ്റ്റ് ഡീസല്‍ 5.99 ലക്ഷം രൂപ പ്രാരംഭ വില കുറിക്കും.
ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും സ്വിഫ്റ്റിലെ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളില്പ്പെടും. കാലങ്ങളായി ബി സെഗ്മന്റ് ഹാച്ച്ബാക്കുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറാണ് സ്വിഫ്റ്റ്. 2018 ഓട്ടോ എക്സ്പോയില്‍ മൂന്നാം തലമുറ കടന്നുവന്നതോടെ സ്വിഫ്റ്റിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിച്ചു.
സുസുക്കിയുടെ HEARTECT അടിത്തറ പങ്കിടുന്നതിനാല്‍ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ കാറെന്ന വിശേഷണം സ്വിഫ്റ്റിനുണ്ട്. പെട്രോള്‍, ടര്‍ബോ ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാണ്. ഇരു എഞ്ചിന് പതിപ്പുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.
സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കും. 74 bhp കരുത്തും 190 Nm torque -മാണ് 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് കുറിക്കുക. ഇരു എഞ്ചിന് പതിപ്പുകള്‍ക്കും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഓട്ടോമാറ്റിക് ഓപ്ഷന് താത്പര്യമുള്ളവര്‍ക്കായി അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സും മാരുതി അണിനിരത്തുന്നു.






