
കേരള വിപണിയില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ എത്തി. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകളാണ് എത്തിയത്. ട്രിയോക്ക് 2.70 ലക്ഷവും ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്സ്ഷോറൂം വില. അയേണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രീവീലറാണ് ട്രിയോ. ബാറ്ററിയില്‍ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ മുച്ചക്രവാഹനമാണ് ട്രിയോ എന്ന് മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിഇഒ മഹേഷ് ബാബു പറഞ്ഞു. സാധാരണ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച പരിപാലനച്ചെലവും യാത്രാചെലവും കുറവുള്ള ട്രിയോ, ഉടമകള്‍ക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കും. മഹീന്ദ്രയുടെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ മികച്ച വില്‍പ്പനാനന്തര സേവനം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മഹേഷ് ബാബു പറഞ്ഞു.
ഡ്രൈവര്‍ അടക്കം നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് ഓട്ടോയാണ് ട്രിയോ. ശേഷി കൂടിയ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ് ട്രിയോ ഓട്ടോറിക്ഷയ്ക്ക്. 5.4 കിലോവാട്ട് - 30 എന്‍എം ശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ട്രിയോയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും. 7.37 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്ററിന് വെറും 50 പൈസ ചെലവില്‍ ട്രിയോയില്‍ യാത്ര ചെയ്യാം.
ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് റിക്ഷയാണ് ട്രിയോ യാരി. 1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജിങ്ങില്‍ 85 കിലോമീറ്റര്‍ വരെ ഓടാനാവും. മണിക്കൂറില്‍ 24.5 കിലോമീറ്ററാണ് പരമാവധി വേഗം. 3.69 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മതി.






