
പ്രദേശവാസികള്‍ എപ്പോഴും പേടിയോടെ നോക്കുന്ന തടാകമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ നയോസ് തടാകം. തടാകത്തെ ഭയത്തോടെ പ്രദേശവാസികള്‍ കാണുന്നതിന് കാരണം 1986-ഓഗസ്റ്റ് 21-ന് നടന്ന ഒരു സംഭവമാണ്. അന്ന് തടാകത്തിന്റെ ഭാവമാറ്റത്തില്‍ ശ്വാസം മുട്ടി മരിച്ചത് ഈ ഗ്രാമത്തിലെ ജനതയാണ്. സംഭവദിവസം വൈകുന്നേരത്തോടെയാണ് തടാകത്തിന് ഒരു മാറ്റം ശ്രദ്ധയില്‍ പെട്ടത്. തടാകത്തിന് മേല്‍ ഒരു കനത്ത മേഘപാളി രൂപപ്പെട്ടു.
100മീറ്ററിലധികം ഉയര്‍ന്ന മേഘപാളി കരയിലേക്കും വ്യാപിച്ചു. തടാകത്തിലെ മാറ്റം എന്താണെന്ന് നോക്കാന്‍ ഇറങ്ങിയ ആളുകള്‍ പുക ശ്വസിച്ച് ബോധംകെട്ടു വീണു. അപ്പോഴേക്കും 25കിലോമീറ്ററോളം പുക വ്യാപിച്ചിരുന്നു. പുക ശ്വസിച്ച ഗ്രാമത്തിലെ കന്നുകാലികളും ചെറുപ്രാണികളും ജീവജാലങ്ങളും ജനങ്ങളും എല്ലാം തന്നെ നിന്ന നില്പ്പില് മരിച്ചു വീണു. 1700പേരാണ് അന്ന് വിഷപ്പുക ശ്വസിച്ച് മരിച്ചത്. കുഴഞ്ഞു വീണ കുറച്ചു പേരാണ് രക്ഷപ്പെട്ടത്.
സംഭവത്തെ കുറിച്ച് ഗവേഷകര്‍ അന്വേഷണം നടത്തി. തടാകത്തില്‍ നിന്നും പുറത്തു വന്ന പുകയില്‍ വന്‍ തോതില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് അടങ്ങിയിരുന്നതായാണ് കണ്ടെത്തിയത്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ല. ഭൂമിക്കടിയിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഫലമാകാം ഈ പ്രതിഭാസം എന്നു കരുതിയെങ്കിലും പിന്നീട് നടന്ന ഗവേഷണത്തില്‍ ആ സാധ്യത തള്ളിക്കളഞ്ഞു. ഭൂമിക്കടിയില്‍ നിന്നും തടാകത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വന്നു നിറയുന്നതായി ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തി.
തടാകത്തിനടിത്തട്ടില്‍ ഉണ്ടായിരുന്ന വന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശേഖരം പാറക്കല്ലുകള്‍ ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് വലിയ കുമിളകളായി ഉപരിതലത്തില്‍ കൂടി പുറത്തു വന്നതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. സംഭവത്തിന് ശേഷം തടാകത്തിന്റെ നിറത്തിലും വ്യത്യാസമുണ്ടായി. നീലനിറമായിരുന്ന തടാകം തവിട്ട് നിറത്തിലുള്ളതായി. ഇനിയും ഇത്തരം അപകടം ഉണ്ടാകാതിരിക്കാനായി ആയി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടിയാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിനുള്ള സംവിധാനങ്ങളും സീസ്മോ മീറ്റുകളും ഇപ്പോള്‍ തടാകത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്.






