
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസീസ് താരങ്ങളെ തങ്ങളുടെ ആരാധകര്‍ അധിക്ഷേപിക്കില്ലാ എന്ന ഉറപ്പുമായി പാക്കിസ്താന് നായകന്. ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് മത്സരം നടക്കാനിരിക്കെയാണ് പാക്ക് നായകന് സര്‍ഫ്രാസ് അഹ്മ്മദിന്റെ ഉറപ്പ്.
പാക്കിസ്താന് ജനത ഒരിക്കലും ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറില്ല. പാക്ക് ആരാധകര്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ക്രിക്കറ്റിനെ പിന്തുണയ്ക്കുകയും കളിക്കാരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു..' എന്നായിരുന്നു സര്‍ഫ്രാസ് അഹ്മ്മദിന്റെ വാക്കുകള്‍.
കഴിഞ്ഞ ദിവസം ഓവലില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ചതിയാ ചതിയാ.. എന്ന വിളിയോടെ കൂകിവിളിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇന്ത്യന്‍ ആരാധകരോട് കൂകിവിളിക്കരുതെന്നും, പകരം കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും ആംഗ്യത്തോടെ ആവശ്യപ്പെട്ടിരുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ആരാധകര്‍ മോശം മാതൃകയാകാന്‍ താന്‍ താത്പര്യപ്പെടുന്നില്ലായെന്ന് മത്സരത്തിനു ശേഷം കോഹ്ലി വ്യക്തമാക്കിയിരുന്നു. കോഹ്ലിയുടെ നല്ല മാതൃകയുടെ വീഡിയോ ഐസിസിയും പങ്കുവെച്ചിരുന്നു.






