
ബാഹുബലി 2 കണ്ക്ലൂഷന് 2017ല്‍ പുറത്തിറങ്ങിയ ശേഷം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പ്രഭാസിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. സാഹോ, അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ചിത്രത്തിന്റെ ഓരോ വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മരണമാസ് ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ് ടീസര്‍.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളത്തിലുള്ള ഡബ്ബ് പതിപ്പും ഓഗസ്റ്റ് 15ന് തന്നെ തിയേറ്ററുകളിലെത്തും. മൂന്ന് വ്യത്യസ്തഭാഷകളില്‍ റിലീസ് ചെയ്യുന്ന ആദ്യ പ്രഭാസ് ചിത്രവുമാണ് സാഹോ.
സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. മലയാള താരം ലാലും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജേറേക്കര്, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്ന് ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍. സാബു സിറിലാണ് കലാസംവിധായകന്‍. ജിബ്രാന്റേതാണ് പശ്ചാത്തല സംഗീതം.






