വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് ആന്ധ്ര എം.എല്‍.എ. നെല്ലൂര്‍ റൂറല്‍ എം.എല്‍.എ കോട്ടംറെഡ്ഡി ശ്രീധര്‍ റെഡ്ഡിയാണ് ജഗന്റെ പേരില്‍ സത്യവാചകം ചൊല്ലിയത്. ബുധനാഴ്ചയാണ് ആന്ധ്ര നിയമസഭയില്‍ എം.എല്‍.മാരുടെ സത്യപ്രതിജ്ഞ നടന്നത്. സാധാരണയായി ദൈവനാമത്തിലോ ദൈവവിശ്വാസമില്ലാത്തവര്‍ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ ശ്രീധര്‍ റെഡ്ഡി ജഗന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് സഭയെ അമ്പരിപ്പിച്ചു.
അതേസമയം പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് കൊണ്ടിരുന്ന പ്രോടേം സ്പീക്കര്‍ സാംബംഗി അപ്പല നായിഡു, ജഗന്റെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിച്ചില്ല. വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റെഡ്ഡി രണ്ടാമത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
ജഗന് റെഡ്ഡി തനിക്ക് ദൈവതുല്യനാണെന്നും അതിനാലാണ് താന്‍ അദ്ദേഹത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് റെഡ്ഡി പറഞ്ഞു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച തനിക്ക് രാഷ്ട്രീയ പശ്ചാത്തലമോ സാമ്പത്തിക പശ്ചത്തലമോ ഇല്ല. എന്നിട്ടും തന്നെ രണ്ട് തവണ എം.എല്‍.എയാക്കിയത് ജഗന് റെഡ്ഡിയാണ്. അദ്ദേഹത്തോട് വൈകാരികമായ അടുപ്പമാണ് തനിക്കുള്ളതെന്നും ശ്രീധര്‍ റെഡ്ഡി പറഞ്ഞു.






