
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കല്യാണ്‍ ജ്വല്ലേഴ്സിന്റെ പാരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തു. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യൂ സാമുവല്‍, റെഡ് പിക്സ് 24×7 എന്ന യൂട്യൂബ് ചാനല്‍ എന്നിവരുടെ പേരിലും ഇതെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
വ്യാജ തെളിവുണ്ടാക്കി യൂട്യൂബില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍, സാമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ മനപൂര്‍വ്വം വിഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി ഷൈജുവാണ് വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.
കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന് പിന്നീട് പരസ്യകരാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിരോധം കൊണ്ട് മാത്യു സാമുവലുമായി ചേര്‍ന്ന് വിഡിയോ നിര്മ്മിത്തതെന്ന് സംശയിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.






