
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് സുരേഷ് കുമാര്‍ - മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തിയ താരം ഇപ്പോള്‍ തന്റേതായ ഇടം നേടിയിരിക്കുന്നു. മഹാനടിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കീര്‍ത്തി ശരീരഭാരം നന്നായി കുറച്ചിരുന്നു.
അജയ് ദേവ്ഗണ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിനായി ശരീരഭാരം കുറച്ചെത്തിയ കീര്‍ത്തിയെ വിമര്‍ശിക്കുകയാണ് നടി ശ്രീ റെഡ്ഡി. അടുത്തിടെ രാകുല്‍ പ്രീത് സിംഗിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് താരമിപ്പോള്‍ കീര്‍ത്തിയുടെ പിന്നാലെയെത്തിയിരിക്കുന്നത്.
''ഒരേ വിമാനത്തില്‍ യാത്ര ചെയ്തിട്ട് എനിക്ക് അവരെ മനസിലായില്ല. വിമാനത്തിലുള്ളവര്‍ എനിക്കൊപ്പം സെല്‍ഫി എടുത്തു. എന്നാല്‍ കീര്‍ത്തിയെ ഒരാള്‍ക്കും മനസിലായില്ല. ശരീരഭാരം കുറച്ച കീര്‍ത്തി രോഗിയെപ്പോലെയായി. മഹാനടി വിജയിച്ചിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ കഴിവാണ്. കീര്‍ത്തിയ്ക്ക് അഭിനയം അറിയില്ല. സംവിധായകന് പഠിപ്പിച്ചതിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയം. എന്നാല്‍ സായ്പല്ലവിയുടെ അഭിനയം നല്ലതാണ്'' - ശ്രീ റെഡ്ഡി കുറിച്ചു.






