
ജാംനഗര്: ഗുജറാത്ത് കൂട്ടക്കൊലക്കേസില് നരേന്ദ്ര മോഡിയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘത്തിനു മൊഴിനല്കിയതിലൂടെ ദേശീയ ശ്രദ്ധ നേടിയ സഞ്ജീവ് ഭട്ടിന് കസ്റ്റഡി മരണക്കേസില് ജീവപര്യന്തം തടവുശിക്ഷ. ജാംനഗര് സെഷന്സ് കോടതിയാണ് 1990ല് നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഗുജറാത്ത് കേഡര് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ സര്വീസില് നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
കേസില് 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ഭട്ടിന്റെ വാദം കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. കേസില് ശരിയായ നീതി പ്രഖ്യാപിക്കുവാന് ഈ സാക്ഷികളെ വിസ്തരിക്കുന്നത് നിര്ണ്ണായകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേസിലെ വിധി വരുന്നത് താമസിപ്പിക്കാനുള്ള മനപ്പൂര്വ്വമുള്ള ശ്രമം എന്ന് പറഞ്ഞാണ് ഗുജറാത്ത് പോലീസ് ഈ ആവശ്യത്തെ എതിര്ത്തത്. 1990 ഒകേ്ടാബര് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂര് പട്ടണത്തില് നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 150 പേരില് 30 കാരനായ പ്രഭുദാസ് വൈഷ്ണാനി എന്നയാള് പൊലീസ് മര്ദ്ദനത്തിടെ കൊല്ലപ്പെട്ടു എന്ന കേസിലാണ് വിധി വന്നത്. അന്ന് അഡീഷണല് പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിനെ 1996ലാണ് കേസില് പ്രതി ചേര്ത്തത്.
കേസില് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീണ് സിംഗ് ഛായെയും ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. കലാപം നടക്കുന്ന കാലത്ത് എഎസ്പി ആയിരുന്ന ഭട്ട് കലാപത്തിനിടയില് നൂറിലധികം പേരെ കസ്റ്റഡിയില് എടുത്തെന്നും ഇവരില് ഒരാള് വിട്ടയച്ച ശേഷം ആശുപത്രിയില് കിടന്ന് മരണമടയുകയും ചെയ്തു. 2011 ല് ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും അനുവാദം കൂടാതെ പോലീസ് വാഹനം ദുരുപയോഗം ചെയ്തെന്നും കാണിച്ച് സസ്പെന്റ് ചെയ്യുകയും 2015 ആഗസ്റ്റില് ജോലിയില് നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.







Comments