
ലോര്‍ഡ്സ്: ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ബാബര്‍ അസാം( 80 പന്തില്‍ 69 റണ്‍സ്), ഹാരിസ് സെഹൈല്‍(59 പന്തില്‍ 89 റണ്‍സ്) ബാറ്റിങ്ങ് മികവിലാണ് പാക്കിസ്ഥാന് വിജയലക്ഷ്യം ഉയര്‍ത്തിയത്.
ടോസ് നേടി ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാക്ക് നായകന് സര്‍ഫ്രാസ് അഹ്മ്മദിന്റെ തീരുമാനം ശെരിവെയ്ക്കും വിധമാണ് ഓപ്പണിങ് സഖ്യം ബാറ്റ് ചെയ്തത്. ഇമാം ഉള് ഹഖും ഫഖര്‍ സമാനും 44 റണ്‍സ് വീതം നേടി. ഇമ്രാന് താഹിറാണ് ഓപ്പണിങ് സഖ്യത്തെ കൂടാരം കയറ്റിയത്. മുഹമ്മദ് ഹഫീസ്(33 പന്തില്‍ 20), ഇമാദ് വസീം( 15 പന്തില്‍ 23) എന്നിവരാണ് പാക്കിസ്ഥാനായി ഇറങ്ങിയ മറ്റ് താരങ്ങള്‍. രണ്ട് റണ്‍സോടെ സര്‍ഫറാസ് അഹ്്മ്മദും ഒരു റണ്ണോടെ ഷദാബ് ഖാനും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഒന്‍പത് ഓവറില്‍ 64 റണ്‍സ് വഴങ്ങി എന്‍ഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി ഇമ്രാന് താഹിര്‍ രണ്ട് വിക്കറ്റും, ഫെലുക്വായോ, മാര്‍ക്രാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.






