
ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചന. 1989 ലാണ് ചൈനയില്‍ സിഎഫ് മോട്ടോ സ്ഥാപിച്ചത്.
2017 മുതല്‍ കെടിഎമ്മുമായി സംയുക്ത സംരംഭത്തിലാണ്. സിഎഫ് മോട്ടോയുടെ 49 ശതമാനം ഓഹരിയാണ് കെടിഎം സ്വന്തമാക്കിയിരിക്കുന്നത്. മിഡില്‍വെയ്റ്റ് ബൈക്കുകളുമായി ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലാണ് ചൈനീസ് കമ്പനി അങ്കം കുറിക്കുന്നത്.
250 എന്‍കെ, 400 എന്‍കെ, 650 എംടി, 650 എന്‍കെ എന്നീ നാല് ബൈക്കുകള്‍ സിഎഫ് മോട്ടോയുടെ ഇന്ത്യാ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി എടിവികളും (ഓള് ടെറെയ്ന്‍ വെഹിക്കിള്‍) സൈഡ്-ബൈ-സൈഡ് വാഹനങ്ങളും കാണാം. 250 എന്‍കെ മോട്ടോര്‍സൈക്കിളില്‍ അല്‍പ്പം വലിയ ശേഷിയുള്ള എന്ജിന് നല്കി 300 എന്‍കെ എന്ന് റീബാഡ്ജ് ചെയ്തേക്കും.
ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സിഎഫ് മോട്ടോ മോഡല്‍ 250 എന്‍കെ അല്ലെങ്കില്‍ 300 എന്‍കെ ആയിരിക്കും. ഹോണ്ട സിബി300ആര്, കെടിഎം 250 ഡ്യൂക്ക്, ബജാജ് ഡോമിനര്‍ എന്നിവയായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളികള്‍. കെടിഎം ഡ്യൂക്ക് സീരീസ് പോലെ ഭാരം കുറഞ്ഞ, നേകഡ് മോട്ടോര്‍സൈക്കിളായിരിക്കും സിഎഫ് മോട്ടോ 300 എന്‍കെ.
ട്രെല്ലിസ് ഫ്രെയിമിലായിരിക്കും സിഎഫ് മോട്ടോ 300എന്‍കെ നിര്‍മ്മിക്കുന്നത്. കെടിഎമ്മിന്റെ ഉപകമ്പനിയായ കിസ്ക്കയാണ് 300എന്‍കെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 300 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത്. 30 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.






