ലണ്ടൻ : വെള്ളിയാഴ്ച പുറത്തിറക്കിയ ഇന്ത്യയുടെ എവേ ജേഴ്സിക്ക് കടുത്ത ട്രോളുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ എവേ ജേഴ്സി നൈക്കി ഒദ്യോഗികമായി പുറത്തുവിട്ടത്.
ഓറഞ്ചും കടും നീല നിറത്തിലുമാണ് ഇന്ത്യയുടെ പുതിയ ജേഴ്സി. പിന്നിൽ മുഴുവനായും ഓറഞ്ചുനിറവും മുന്നിൽ നീല നിറവുമാണ് ഉള്ളത്. ജേഴ്സിയിലെ ഓറഞ്ച് നിറമാണ് ട്രോൾ ഉണ്ടാവാനുള്ള കാരണം.
ഓറഞ്ച് ജേഴ്സി വഴി ഇന്ത്യന്‍ കായിക മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ജേഴ്സിയുടെ ഓറഞ്ച് നിറത്തിന്റെ പിറകിൽ ബിജെപിയും ആർഎസഎസുമാണെന്ന് സമാജ് വാദി പാര്‍ട്ടി എം.എല്‍.എ അബു അസ്മി ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ തന്നെയാണ് ട്രോളുകളിലും നിറയുന്നത്. ജേഴ്സിക്ക് പിറകില്‍ 'ജയ് ശ്രീരാം' എന്നെഴുതിയ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. കൂടാതെ ജേഴ്സിയിലെ മാറ്റത്തിനൊപ്പം താരങ്ങളുടെ പേരും മാറുമോ എന്നാണ് ചിലർ ചോദിക്കുന്നത്. ഉദാഹരണത്തിന് യോഗി രോഹിത്, യോഗി കോഹ്ലി എന്നിങ്ങനെ.
നാളെ ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരത്തിലാണ് ഇന്ത്യ ഈ ജേഴ്സി ഇട്ട് കളിക്കാൻ ഇറങ്ങുന്നത്. അതേസമയം ഇന്ത്യയുടെ ട്വന്റി 20 ജേഴ്സിയില്‍ ഓറഞ്ച് നിറം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ബി.സി.സി.ഐ പുതിയ ജേഴ്സിക്കും ഓറഞ്ച് നിറം നൽകാൻ തീരുമാനിച്ചതെന്ന് ഐസിസി അഭിപ്രായപ്പെട്ടു



