
ബിര്‍മ്മിങ്ങാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. സെഞ്ചുറി നേടിയ ജോബി ബെയര്‍സ്റ്റോ( 109 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്സും സഹിതം 111) ജേസണ്‍ റോയ്( 57 പന്തില്‍ 66 റണ്‍സ്), ബെന്‍ സ്റ്റോക്സ്(54 പന്തില്‍ 79) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് ഇംഗ്ലണ്ട് ബിര്‍മ്മിങ്ങാമില്‍ മികച്ച സ്കോര്‍ ഉയര്‍ത്തിയത്.
സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലണ്ടിന്റെ ഓപ്പണിങ്ങ് സഖ്യവും അവസാന ഓവറുകളില്‍ മിന്നിക്കത്തിയ ബെന്‍ സ്റ്റോക്സിന്റെ ബാറ്റിങ്ങ് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ജോ റൂട്ട്( 54 പന്തില്‍ 44), ഒയിന്‍ മോര്ഗന്( 9 പന്തില്‍ 1), ജോസ് ബട്ലര്( എട്ട് പന്തില്‍ 20), വോക്സ്( 5 പന്തില്‍ 7) എന്നിവരുടെ വിക്കറ്റുകളാണ് ഇംണ്ടിനു നഷ്ടമായത്. പ്ലങ്കറ്റും ജോഫ്ര ആര്‍ച്ചറും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ചു വിക്കറ്റ് നേടിയത്. ഏകദിന കരിയറിലെ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 72 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംമ്ര 10 ഓവറില്‍ 44 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.






