
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ കിവീസിനെതിരെ അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും പൊരുതി എംഎസ് ധോണിയും ക്രീസില്‍. 46 ഓവര്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 199 റണ്‍സെന്ന നിലയിലാണ്. ന്യൂസിലാന്‍ഡിന്റെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായി. അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജ( 56 പന്തില്‍ 75 റണ്‍സ്)എംഎസ് ധോണി( 63 പന്തില്‍ 36 റണ്‍സ്)യുമാണ് ക്രീസില്‍. ഓരോ റണ്‍സ് മാത്രം എടുത്താണ് ഇന്ത്യയ്ക്ക് ആദ്യ മൂന്നു നിര്‍ണായക വിക്കറ്റുകള്‍ വീണത്. രോഹിത് ശര്‍മ്മ( നാല് പന്തില്‍ ഒന്ന്)യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്റിയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. തൊട്ടുപിന്നാലെ ഗാലറിയെ നിശബ്ദമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വീണു. ട്രന്റ് ബോള്‍ട്ട് കോഹ്ലിയെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഓപ്പണര്‍ കെഎല്‍ രാഹുലും കോഹ്ലിക്കു പിന്നാലെ മടങ്ങി. മാറ്റ് ഹെന്റിയുടെ പന്തില്‍ കെഎല്‍ രാഹുലിനെ ടോം ലാതത്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
നാലാം വിക്കറ്റില്‍ ഋഷഭ് പന്ത് - കാര്‍ത്തിക് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അത്യുഗ്രന്‍ ക്യാച്ചിലൂടെ ദിനേഷ് കാര്‍ത്തിക്കിനേയും കൂടാരം കയറ്റി. 25 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ ആറു റണ്‍സ് എടുത്താണ് ദിനേഷ് കാര്‍ത്തിക് വീണത്. മാറ്റ് ഹെന്റിയാണ് കാര്‍ത്തിക്കിനേയും മടക്കിയത്. പിന്നാലെ ഇന്ത്യയ്ക്ക് പ്രതീക്ഷയുയര്‍ത്തി ഋഷഭ് പന്ത്- പാണ്ഡ്യ സഖ്യം കളംനിറഞ്ഞെങ്കിലും സാന്റ്നറുടെ പന്തില്‍ ഗ്രാന്‍ഡ്ഹോമിന് അനാവശ്യ ക്യാച്ചു നല്കി പന്തും മടങ്ങി. തൊട്ടു പിന്നാലെ പ്രതീക്ഷയുണര്‍ത്തിയ ക്രീസില്‍ നിലയുറപ്പിച്ച ഹാര്‍ദിക് പാണ്ഡ്യയും (62 പന്തില്‍ 32 റണ്‍സ്) സാന്റ്നര്‍ക്ക് മുന്നില്‍ വീണു. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.
മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെച്ച സെമി അങ്കത്തില്‍ ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുക്കുകയായിരുന്നു. കെയ്ന്‍ വില്യംസണിന്റെയും( 95 പന്തില്‍ ആറു ബൗണ്ടറി സഹിതം 67 റണ്‍സ്) റോസ് ടെയ്ലറിന്റെയും( 90 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 74 റണ്‍സ്) ബാറ്റിങ്ങ് മികവിലാണ് കിവിപ്പട ഭേദപ്പെട്ട സ്കോര്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്.
74 റണ്‍സെടുത്ത് നില്‍ക്കെ റോസ് ടെയ്ലറിനെ ബുമ്രയുടെ അവസാന പന്തില്‍ റണ്‍ ഔട്ട് ആക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ടോം ലാതത്തിന്റെ വിക്കറ്റ് പറിച്ചു. 11 പന്തില്‍ 10 റണ്ശസടുത്താണ് ലാതം മടങ്ങിയത്. ഇതേ ഓവറില്‍ അവസാന പന്തില്‍ ഹെന്റിയേയും( രണ്ട് പന്തില്‍ ഒരു റണ്‍സ്) ഭുവി മടക്കി. ആറു പന്തില്‍ ഒരു ബൗണ്ടറി സഹിതം ഒന്‍പത് റണ്‍സെടുത്ത മിച്ചല്‍ സാന്റ്നറും, മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്ത് ട്രെന്റ് ബോള്‍ട്ടും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തുനില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്ന് ഒരു പന്തുപോലും എറിയാനാകാതെ മത്സരം ഇന്നലത്തേക്ക് ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നു ന്യൂസിലന്‍ഡ് ഇന്നിങ്സ് 46.1 ഓവറില്‍ നിന്നാണ് പുനഃരാരംഭിച്ചത്. മഴയെത്തുടര്‍ന്ന് മത്സരം 20 ഓവറെങ്കിലും ആക്കി ചുരുക്കി ഇന്നലെത്തന്നെ വിജയികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഒഴിയാതെ നിന്ന മഴ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
20 ഓവറാക്കി ചുരുക്കിയിരുന്നെങ്കില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 148 റണ്‍സ് ഇന്ത്യ പിന്തുടരേണ്ടി വന്നേനെ. മഴയില്‍ കുതിര്‍ന്ന പിച്ചില്‍ അത്തരമൊരു ചേസ് ദുഷ്കരമാണെന്നിരിക്കെ ഇന്ത്യ അനുകൂലമായി മഴയെത്തുകയായിരുന്നു.
ഗ്രൂപ്പ് തലത്തിലും ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മത്സരം അടുത്ത ദിവസത്തേക്കു മാറ്റുന്നത് ഇതു രണ്ടാം തവണയാണ്. നേരത്തെ ഇംണ്ടില്‍ തന്നെ നടന്ന 1999 ലോകകപ്പില്‍ ഇന്ത്യഇംണ്ട് മത്സരം മഴയെത്തുടര്‍ന്ന് രണ്ടാം ദിവസമാണ് പൂര്‍ത്തിയാക്കിയത്.
ഇന്നലെ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമെന്നു പ്രവചിച്ച പിച്ചില്‍ പക്ഷേ ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ ചൂളി.
റണ്‍സ് കണ്ടെത്താന്‍ കിവീസ് ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്ടിലിനും ഹെന്റ്റി നിക്കോള്‍സിനും കഴിഞ്ഞില്ല. ജസ്പ്രീത് ബുംറയെറിഞ്ഞ ആദ്യ ഓവര്‍ ഗുപ്ടിലും ഭുവനേശ്വര്‍ എറിഞ്ഞ രണ്ടാം ഓവര്‍ നിക്കോളാസും മെയ്ഡനാക്കി. നാലമത്തെ ഓവറിലെ മൂന്നാം പന്തില്‍ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ഗുപ്ടില്‍ മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ്.
14 പന്ത് നേരിട്ട ഗുപ്ടിലിന് നേടിയത് ഒരു റണ്‍. ബുംറയുടെ പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റുവച്ച ഗുപ്ടിലിനെ സ്ലിപ്പില്‍ കോഹ്ലി പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ വില്യംസണ് നിക്കോളാസിനൊപ്പം ചേര്‍ന്നതോടെ സ്കോര്‍ബോര്‍ഡ് മെല്ലെ ചലിക്കാന്‍ തുടങ്ങി.
എങ്കിലും ആദ്യ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 10 ഓവറില്‍ വെറും 27 റണ്‍സ് മാത്രമായിരുന്നു കിവീസിനു നേടാനായത്. വില്യംസണ്നിക്കോള്സ് കൂട്ടുകെട്ട് അധികം മുന്നോട്ടുപോയില്ല. 19ാം ഓവറില്‍ രവീന്ദ്ര ജഡേജ അതിന് അന്ത്യം കുറിച്ചു.
51 പന്ത് നേരിട്ട് രണ്ടു ബൗണ്ടറികളുള്‍പ്പടെ 28 റണ്‍സ് നേടിയ നിക്കോള്‍സ് ക്ലീന്‍ ബൗള്‍ഡ്. പുറത്താകും മുമ്പ് നായകനൊപ്പം നിര്‍ണായകമായ 68 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്താന്‍ നിക്കോള്സിനായി.
ഇതിനു ശേഷം നാലാമനായി ഇറങ്ങിയ റോസ് ടെയ്ലര് വില്യംസണ് മികച്ച പിന്തുണ നല്‍കിയതോടെ കിവീസ് പതിയെ കരകയറി. മൂന്നാം വിക്കറ്റില്‍ 65 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മെല്ലെപ്പോക്കായിരുന്നു ഇരുവരുടേതും. 36ാം ഓവറിന്റെ രണ്ടാം പന്തില്‍ വില്യംസണെ ജഡേജയുടെ കൈയില്‍ എത്തിച്ച് യൂസ്വേന്ദ്ര ചഹാലാണ് ഈകൂട്ടുകെട്ട് പൊളിച്ചത്. 95 പന്തില്‍ നിന്ന് ആറു ബൗണ്ടറികളുള്‍പ്പടെ 67 റണ്‍സാണ് വില്യംസണ് നേടിയത്.
റണ്റേറ്റുയര്ത്താനായി സ്ഥാനക്കയറ്റം കിട്ടിയ ജയിംസ് നീഷാം ആയിരുന്നു അടുത്തതായി മടങ്ങിയത്. 18 പന്തില്‍ നിന്ന് ഒരു ബൗണ്ടറി ഉള്‍പ്പടെ 12 റണ്‍സ് നേടിയ നീഷാമിനെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ദിനേഷ് കാര്‍ത്തിക് പിടികൂടി.
പിന്നീടെത്തി്യ ഓള്‍റൗണ്ടര്‍ കോളിന് ഗ്രാന്‍ഡ്ഹോമാണ് കിവീസ് സ്കോര്‍ ഉയര്‍ത്തിയത്. 10 പന്തില്‍ രണ്ടു ബൗണ്ടറികളുള്‍പ്പടെ 16 റണ്‍സ് നേടിയ ഗ്രാന്‍ഡ്ഹോം ടെയ്ലറിനൊപ്പം 22 പന്തില്‍ നിന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
അപകടകാരമായി വളര്ന്നേക്കുമായിരുന്ന ഈ കൂട്ടുകെട്ടു പൊളിച്ച് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വിക്കറ്റിനു പിന്നില്‍ ധോണിക്കായിരുന്നു ക്യാച്ച്. തുടര്‍ന്ന് ഒരു എല്‍ബി അപ്പീല്‍ ഡി.ആര്.എസിലൂടെ മറികടന്ന ടെയ്ലര് ആറാമനായെത്തിയ ടോം ലതാമിനൊപ്പം ന്യൂസിലന്‍ഡ് സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് മഴയെത്തിയത്.






