
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളിജിലുണ്ടായ സംഭവം വിദ്യാര്‍ത്ഥി സമൂഹത്തിനും കേരളത്തിനും അപമാനകരമെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. യൂണിവേഴ്സിറ്റി കോളേജില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്ക് മാറ്റം വന്നേ
മതിയാകുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'വിദ്യാര്‍ഥികള്‍ക്കും കേരളത്തിനും തന്നെ അപമാനമാകുന്ന സംഭവങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതു മനസ്സിലാക്കിക്കൊണ്ടാണ് 1992-ല്‍ ഞാന്‍ അവതരിപ്പിച്ച ബജറ്റില്‍ യൂണിവേഴ്സിറ്റി കോളേജിലെ ഡിഗ്രി ക്ലാസ്സ് കാര്യവട്ടത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കി. കാര്യവട്ടത്ത് സര്‍ക്കാര്‍ കോളേജ് തുടങ്ങി. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ യൂണിവേഴ്സിറ്റി കോളേജില്‍ത്തന്നെ തുടര്‍ന്നു. വളരെ നല്ല അന്തരീക്ഷം വന്നതാണ്. പക്ഷേ അതുകഴിഞ്ഞുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ കാര്യവട്ടം കോളേജ് അവിടെ നിലനിര്‍ത്തിയെങ്കിലും വീണ്ടും യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി ക്ലാസ്സുകള്‍ തുടങ്ങി.' അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നാല്‍ കാലാപരാഷ്ട്രീയമെന്നോ സംഘര്‍ഷ രാഷ്ട്രീയമെന്നോ അല്ലെന്നും അത് ജനാധിപത്യത്തിന്റെ ഒരു പരിശീലനക്കളരിയായിമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷകര്‍ത്താക്കളും പൊതുജനങ്ങളും എതിര്‍ക്കുന്നത് കലാലയങ്ങളിലെ അക്രമരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ തെറ്റു തിരുത്തണമെന്നും അല്ലെങ്കില്‍ ഈ ഭവിഷ്യത്ത് അവര്‍ക്കുതന്നെ ഒരു വിനയാകുമെന്നതില്‍ സംശയമില്ലെന്നും ഉമ്മന്‍ചാണ്ടി അരോപിച്ചു.
അതേസമയം സംഭവത്തില്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ എസ്.എഫ്.ഐയില്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് പറഞ്ഞിരുന്നു.






