
നാല് മോഡലുകളുമായി ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഫ് മോട്ടോ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും. ജൂലായ് 19ന് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഎംഡബ്ല്യൂ മോട്ടോര്‍സൈക്കിള്‍സുമായി സഹകരിച്ചാണ് സിഎഫ് മോട്ടോ എത്തുന്നത്. മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ 300 NK, 650NK, 650 MT, 650 GT എന്നീ നാല് മോഡലുകളാണ് സിഫ് മോട്ടോ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുന്നത്.
ഓസ്ട്രിയയില്‍ ഡിസൈന്‍ ചെയ്ത് ചൈനയില്‍ നിര്‍മിച്ചവയാണ് ഈ നാല് മോഡലുകളും. ആദ്യ ഘട്ടത്തില്‍ പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് സിഎഫ് മോട്ടോ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നാല് മോഡലുകളില്‍ 300 എന്‍കെ മോഡലാണ് ഏറ്റവും ചെറിയ മോഡല്‍.
292.4 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 33 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 650 എന്‍കെ സ്ട്രീറ്റ് ഫൈറ്ററും 650 എംടി അഡ്വഞ്ചര്‍ ടൂററും 650 ജിടി സ്പോര്‍ട് ടൂറര്‍ മോഡലുമാണ്. മൂന്നിലും 649 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്.
സ്ട്രീറ്റ് ഫൈറ്റര്‍ 650 എന്കെയിലെ 649 സിസി എന്ജിന് 60 ബിഎച്ച്പി പവറും 56 എന്‍എം ടോര്‍ക്കുമേകും. അഡ്വഞ്ചര്‍ ടൂറര്‍ 650 എംടിയില്‍ 69 ബിഎച്ച്പി പവറും 62 എന്‍എം ടോര്‍ക്കും ലഭിക്കും. 650 ജിടിയില്‍ 60 ബിഎച്ച്പി പവറും 58.5 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. മൂന്നിലും 6 സ്പീഡാണ് ഗിയര്‍ബോക്സ്. ലോഞ്ചിങ്ങിന് ശേഷം മാത്രമേ വാഹനങ്ങളുടെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുകയുള്ളൂ






