
ബ്രിട്ടീഷ് ബ്രാന്‍ഡായ മിനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ കൂപ്പര്‍ എസ്ഇ അനാവരണം ചെയ്തു. ബിഎംഡബ്ല്യു ഐ3 ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമിലാണ് മിനി കൂപ്പര്‍ എസ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഐ3 പുറത്തിറക്കിയ ശേഷം ബിഎംഡബ്ല്യു ഗ്രൂപ്പില്‍നിന്ന് പുറത്തുവരുന്ന പുതിയ ഇലക്ട്രിക് കാര്‍ കൂടിയാണ് മിനി കൂപ്പര്‍ എസ്ഇ.
റിപ്പോർട്ട് പ്രകാരം ബിഎംഡബ്ല്യു ഐ3 റിയര്‍ വീല്‍ ഡ്രൈവ് വാഹനമാണെങ്കില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് ഹാച്ച്ബാക്കാണ് മിനി കൂപ്പര്‍ എസ്ഇ. കാഴ്ച്ചയില്‍, പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന സ്റ്റാന്‍ഡേഡ് കൂപ്പര്‍ എസ് മോഡലുമായി സാമ്യം തോന്നാം. എന്നാല്‍ ഇലക്ട്രിക് വാഹനമാണെന്ന് സൂചിപ്പിക്കുന്ന നിരവധി മാറ്റങ്ങള്‍ കൂപ്പര്‍ എസ്ഇ മോഡലില്‍ നല്കിയിരിക്കുന്നു.
നാല് ഡ്രൈവിംഗ് മോഡുകള്‍ 2020 മിനി കൂപ്പര്‍ എസ്ഇ യില്‍ നല്കിയിരിക്കുന്നു. എല്‍ഇഡി ഹെഡ്ലൈറ്റുകള്, 2 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, നാവിഗേഷന്‍ സഹിതം 6.5 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓക്സിലിയറി ഹീറ്റിംഗ് എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്.തുകല്‍ അപ്ഹോള്‍സ്റ്ററി, 8.8 ഇഞ്ച് ടച്ച്സ്ക്രീന്‍ യൂണിറ്റ്, നാല് എക്സ്റ്റീരിയര്‍ & ഇന്റീരിയര്‍ പാക്കേജുകള്‍ എന്നിവ ഓപ്ഷണലായി ലഭിക്കും.
2017 മിനി ഇലക്ട്രിക് കണ്‍സെപ്റ്റില്‍ കണ്ടതുതന്നെയാണ് വിചിത്രമായ അലോയ് വീലുകള്‍. ഗ്രില്ലിലും പുറം കണ്ണാടികളിലും തിളക്കമുള്ള മഞ്ഞ നിറം കാണാം. ഇലക്ട്രിക് കാര്‍ ആയതുകൊണ്ടുതന്നെ കൂപ്പര്‍ എസ്ഇ യില്‍ എക്സ്ഹോസ്റ്റ് സിസ്റ്റം കാണാന്‍ കഴിയില്ല. കാറിനകത്ത് അതേ ഡാഷ്ബോര്‍ഡ്, വൃത്താകൃതിയിലുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്കി.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡും 0-100 കിമീ/മണിക്കൂര്‍ വേഗമാര്ജ്ജിക്കാന് 7.3 സെക്കന്‍ഡും മതി. ഇലക്ട്രിക് ഹാച്ച്ബാക്കിലെ ഇലക്ട്രിക് മോട്ടോര്‍ 184 ബിഎച്ച്പി കരുത്തും 270 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മിനി കൂപ്പര്‍ എസ്ഇ യുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 150 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.






