
മോഹന്‍ലാലാണ് ഷാജു ശ്രീധറിന്റെ ഗോഡ്ഫാദര്. കൃത്യമായി പറഞ്ഞാല്‍ മോഹന്‍ലാലിന്റെ ആകാര സൗകുമാര്യവും ശബ്ദവും മിമിക്രി വേദികളില്‍ മനോഹരമായി അനുകരിച്ചതോടെയാണ് ഷാജുവിന്റെ തലവര തെളിഞ്ഞത്.
ജയറാമും ദിലീപും നാദിര്‍ഷയും മിമിക്രി വേദിയില്‍ തിളങ്ങി നില്ക്കുമ്പോള് ഇവരോടൊപ്പം ചേര്‍ന്നു മോഹന്‍ലാലിനെ അനുകരിക്കാന്‍ ഷാജു അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഒരുകാലത്ത് മിമിക്രി കാസറ്റുകളില്‍ വിലപിടിപ്പുള്ള ശബ്ദമായിരുന്നു ഷാജു.
ഷാജു സിനിമയിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. സ്നേഹവും ആര്‍ദ്രതയും വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മലയാളസിനിമയില്‍ ഒരാളുടെ നെറുകയില്‍ ചവിട്ടി മറ്റൊരാള്‍ ഉയരങ്ങളിലേക്ക് പോകുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കാനേ ഷാജുവിന് കഴിഞ്ഞുള്ളൂ.
പലവിധ കോക്കസുകള്‍ മലയാളസിനിമയില്‍ പിടിമുറുക്കിയപ്പോഴും പാലക്കാടിന്റെ ഗ്രാമസംസ്കൃതിയുടെ നിഷ്കളങ്കതയോടെ ഷാജു ആരുടെയും പക്ഷം പിടിക്കാതെ നിലകൊള്ളുകയായിരുന്നു. ആരുടെയും സഹായമില്ലാതെ സിനിമയിലെത്തിയ ഷാജുവിന് മിമിക്രിയെന്നാല്‍ ജീവവായുവാണ്.
ഒരു ഘട്ടത്തില്‍ സിനിമ തന്നെ കൈവിടുമോയെന്ന ആശങ്ക ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ സ്പാര്‍ക്ക് ചെയ്തപ്പോള്‍ ഷാജു സീരിയലുകളുടെ ലോകത്തേക്ക് കടന്നു. പിന്നെ ഷാജുവിന്റെ ജീവിതയാത്രയ്ക്ക് സുരക്ഷയുടെ കവചമൊരുക്കിയത് സീരിയലുകളായിരുന്നു. സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികവാര്‍ന്ന അഭിനയത്തിലൂടെ ഷാജു കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറി.
സീരിയല്‍ താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ലെന്ന പ്രചരണം ശക്തമായപ്പോഴും സിനിമയെ മനസ്സില്‍ പ്രണയിച്ച ഷാജു പതറിയില്ല. സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോഴും സിനിമ ഷാജുവിനെ തേടിയെത്തുകയായിരുന്നു.
കാല്‍നൂറ്റാണ്ടിനിടയില്‍ 160-ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ഷാജുവിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. തന്റെ കഴിവിനനുസരിച്ച് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഷാജുവിനെ മുന്നോട്ടു നയിക്കുന്നത്.
പാലക്കാട് അഹല്യ ആശുപത്രിയില്‍ ചിത്രീകരണം നടന്ന പ്രശോഭ് വിജയന് സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റിലാണ് ഷാജുവിനെ കണ്ടത്. ചലച്ചിത്രാഭിനയത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഷാജു കടന്നുവന്ന വഴികളെക്കുറിച്ച് സിനിമാമംഗളത്തിന്റെ വായനക്കാരുമായി മനസ്സ് തുറക്കുകയാണ്.
സിനിമയിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. കടന്നുവന്ന വഴികളെക്കുറിച്ച്...?
മുണ്ടൂരിലാണ് എന്റെ വീട്. അച്ഛന് ശ്രീധരന്, അമ്മ പ്രേമകുമാരി. മുണ്ടൂര്‍ ഹൈസ്കൂള്‍, ഒലവക്കോട് കോഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. സ്കൂള്‍ കാലത്തുതന്നെ മിമിക്രിയിലായിരുന്നു ശ്രദ്ധ. പഠനം കഴിഞ്ഞു പാലക്കാട് സൂപ്പര്‍ ജോക്കേഴ്സ് എന്ന മിമിക്രി ട്രൂപ്പ് തുടങ്ങി. പിന്നീട് കൊച്ചിന് ഹൈനസിലെത്തി.
തുടര്‍ന്നാണ് കൊച്ചിന് സാഗറിന്റെ ഭാഗമായത്. അഭി, ദിലീപ്, ജയറാം, നാദിര്‍ഷ എന്നിവരോടൊപ്പം ധാരാളം വേദികളില്‍ മിമിക്രി അവതരിപ്പിക്കാന്‍ കഴിഞ്ഞു. സ്വാഭാവികമായും മിമിക്രി സിനിമയിലേക്കുള്ള വഴി തുറന്നിടുകയായിരുന്നു.
മിമിക്രി വേദികളില്‍ ഷാജു പ്രധാനമായും അനുകരിച്ചത് ആരെയായിരുന്നു?
തുടക്കം മുതല്ക്കേ അനുകരിച്ചു തുടങ്ങിയത് മോഹന്‍ലാലിനെയായിരുന്നു. ലാലേട്ടന്റെ ഫിഗറും ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞതുമാണ് എനിക്ക് തുണയായത്. ദേവാസുരത്തിലെ ഡയലോഗുകളാണ് ഞാന്‍ അവതരിപ്പിച്ചത്. ലാലേട്ടനെ അനുകരിക്കുന്നതില്‍ എനിക്കന്ന് എതിരാളി ഇല്ലായിരുന്നു.
അതുകൊണ്ടുതന്നെ പ്രോഗ്രാം ബുക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ അനുകരിക്കുന്നതില്‍ എന്റെ പേര് മാത്രമായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ മിമിക്രി കാസറ്റുകളിലെല്ലാം ലാലേട്ടന്റെ ശബ്ദം അനുകരിച്ചത് ഞാനായിരുന്നു.
മിമിക്രി വേദിയില്‍ തിളങ്ങി നിന്ന ഷാജു സിനിമയിലേക്കെത്തിയത്?
മിമിക്രിക്കാര് അണിനിരന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 11 നായകന്മാരില് ഒരാളായിരുന്നു ഞാന്‍. പിന്നീട് കളമശ്ശേരിയിലെ കല്യാണം. ഇതിനകം 160 സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
സിനിമയില്‍ ഷാജു അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച്?
തുടക്കം മുതല്ക്കേ മിക്ക സിനിമകളിലും ഞാന്‍ ഗ്രൂപ്പ് നായകന്മാരില് ഒരാളായിരുന്നു. പുലിവാല്‍കല്യാണം, റോമന്‍സ്, സമസ്തകേരളം പി.ഒ, ശിക്കാര്‍, രാമലീല തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചേറപ്പായിയെന്ന കഥാപാത്രമാണ് മറ്റൊന്ന്.
സിനിമയില്‍ നിന്നാണ് സീരിയലിലേക്ക് പോയത്. സീരിയലുകളിലെ അഭിനയം ഷാജുവിന്റെ ജീവിതയാത്രയ്ക്ക് വിശ്വാസം പകരുകയായിരുന്നോ?
തീര്‍ച്ചയായും. സീരിയലുകളാണ് എന്റെ ജീവിതത്തെ പച്ചപിടിപ്പിച്ചത്. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും സീരിയലില്‍ അഭിനയിക്കാന്‍ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.
കാരണം സീരിയലില്‍ അഭിനയിക്കുന്നവരെ കുടുംബങ്ങള്‍ ഇഷ്ടപ്പെടുന്ന കാലമായിരുന്നു. സത്യം പറഞ്ഞാല്‍ സീരിയലുകളുടെ പച്ചപ്പ് കണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നു സീരിയലിലേക്ക് ചുവടു മാറ്റിയത്.
അക്കാലത്തെ ഹിറ്റ് സീരിയലുകളായിരുന്ന സ്ത്രീ, ശാരദ, ആകാശഗംഗ, ചാരുലത, പാരിജാതം, ദുര്‍ഗ തുടങ്ങിയ സീരിയലുകളിലെല്ലാം ഞാന്‍ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മാത്രമല്ല, മധുസാര്‍, തിലകന് സാര്‍, നെടുമുടിച്ചേട്ടന്‍, മുരളിച്ചേട്ടന് എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി ഞാന്‍ കരുതുന്നു.
സീരിയല്‍ താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ലെന്ന പ്രചരണം ശക്തമായ കാലത്ത് സീരിയലില്തന്നെ ഉറച്ചു നില്ക്കുകയായിരുന്നോ?
അതെ. കാരണം സീരിയലിലെ അഭിനയമെന്നത് എനിക്ക് ജീവിതമായിരുന്നു. എന്റെ ജീവിത വിജയത്തിന് പിന്നില്‍ സീരിയലുകള്‍ തന്നെയായിരുന്നു. പക്ഷേ സീരിയലുകളില്‍ തിരക്കേറുമ്പോഴും എന്റെ മനസ്സില്‍ സിനിമ നിറഞ്ഞുനിന്നു.
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സീരിയലിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനില്ക്കാന് കഴിഞ്ഞുവെന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായപ്പോഴും എറണാകുളത്ത് സ്ഥിരതാമസമാക്കാത്തത് അവസരങ്ങള്‍ കുറച്ചുവെന്ന് തോന്നുന്നുണ്ടോ?
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ എറണാകുളത്ത് സ്ഥിരതാമസമാക്കിക്കൂടെയെന്ന് സുഹൃത്തുക്കളെല്ലാം ചോദിക്കാറുണ്ട്. ഞാന്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുമ്പോള്‍ അസോഷ്യേറ്റായിരുന്ന പലരും ഇന്ന് അറിയപ്പെടുന്ന സംവിധായകരാണ്. അവരും ഈ കാര്യം പറയാറുണ്ട്.
കാരണം സിനിമയിലേക്ക് പെട്ടെന്ന് ഒരവസരം ലഭിച്ചാല്‍ എറണാകുളത്താണെങ്കില്‍ വേഗം സെറ്റിലെത്താന്‍ പറ്റും. അതേസമയം പാലക്കാട് നിന്ന് സെറ്റിലെത്തുമ്പോഴേക്കും വൈകുമല്ലോ. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചാലും ഇല്ലെങ്കിലും താമസം എറണാകുളത്തേക്ക് മാറ്റില്ലെന്ന് ഞാന്‍ തീരുമാനിച്ചതാണ്. കാരണം ഞാന്‍ പൂര്‍ണ്ണമായും പാലക്കാട്ടുകാരനാണ്.
അഭിനയത്തോടൊപ്പം ഡബ്ബിങിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നല്ലോ?
അതെ. 30 സിനിമകളില്‍ എന്റെ സ്വന്തം ശബ്ദം തന്നെ ഡബ്ബ് ചെയ്തു. വാര്‍ദ്ധക്യ പുരാണത്തില്‍ അബിക്ക് വേണ്ടി ഡബ്ബ് ചെയ്തു. ഗോപിക എന്ന സീരിയലില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയത് ഞാനായിരുന്നു.
മക്കളും അഭിനയത്തില്‍ സജീവമാണല്ലോ?
അതെ. മൂത്ത മകള്‍ നന്ദന പാലക്കാട് മേഴ്സി കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു. നൃത്തത്തിലും മോണോ ആക്ടിലും കലോത്സവങ്ങളിലും മകള്‍ ഒന്നാമതാണ്. രണ്ടാമത്തെ മകള്‍ നീലാഞ്ജനയ്ക്ക് 7 വയസ്സായി.
ബ്രദേഴ്സ് ഡേ, അനൂപ് മേനോന് സംവിധാനം ചെയ്യുന്ന കിംഗ്ഫിഷര്‍ തുടങ്ങിയ സിനിമകളില്‍ നീലാഞ്ജന അഭിനയിച്ചിരുന്നു. ഇടയ്ക്ക് മക്കളോടൊപ്പം ഞാനും ടിക്ടോക്കില്‍ സജീവമാണ്. ഒരുപാടുപേര് ഇവരെ അഭിനന്ദിക്കാറുണ്ട്. മക്കളുടെ പെര്‍ഫോമന്‍സ് കാണുമ്പോഴും വളരെയധികം സന്തോഷം തോന്നാറുണ്ട്. മകളുടെ അച്ഛന് എന്നറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതൊരു സുഖമുള്ള അനുഭവമല്ലെ.
നടിയായിരുന്ന ചാന്ദ്നിയാണല്ലോ സഹധര്‍മ്മിണി. ഭര്‍ത്താവ് എന്ന നിലയില്‍ ഷാജുവിനും മക്കള്‍ക്കും ചാന്ദ്നി നല്കുന്ന പ്രോത്സാഹനം?
എന്റെ അഭിനയത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ ചാന്ദ്നി ചൂണ്ടിക്കാണിക്കും. പാലക്കാട് ചിത്രീകരണം നടന്ന കോരപ്പന് ദി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഞങ്ങള്‍ ഒന്നിക്കുന്നത്. തുടക്കത്തില്‍ പ്രണയത്തേക്കാളുപരി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.
ആഭരണ ചാര്ത്തെന്ന സിനിമ കഴിഞ്ഞതും ഞങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. നളചരിതം നാലാം ദിവസമാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങള്‍ വിവാഹിതരാവുകയായിരുന്നു. ഞങ്ങളിപ്പോള്‍ പാലക്കാട് ഒലവക്കോടാണ് താമസിക്കുന്നത്. ചാന്ദ്നി ഇപ്പോള്‍ ശ്രീനന്ദനം നൃത്ത കലാലയം എന്ന സ്കൂള്‍ നടത്തുകയാണ്.
കോമഡി ഉത്സവത്തില്‍ ജഡ്ജാണല്ലോ. ഇന്നത്തെ കാലത്ത് മിമിക്രിയുടെ ജനകീയതയെക്കുറിച്ച്?
ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിമിക്രിയോടൊപ്പം ജനപ്രിയമാകുന്നത് സ്കിറ്റുകളാണ്. പണ്ട് അമ്പലപ്പറമ്പുകളില്‍ മിമിക്രി ഉണ്ടെന്നറിഞ്ഞാല്‍ ആളുകള്‍ ആവേശത്തോടെ എത്തുമായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ടെലിവിഷന്‍ ചാനലുകളില്‍ യഥേഷ്ടം കോമഡി പരിപാടികള്‍ സംപ്രേഷണം ചെയ്യാറുണ്ട്.
കോമഡി ഉത്സവത്തില്‍ വിധികര്ത്താവായതിനാല് ധാരാളം സ്റ്റാന്‍ഡേര്‍ഡുള്ള സ്കിറ്റുകള്‍ കാണാന്‍ കഴിയുന്നു. വളരെ മിടുക്കരായ ആളുകളാണ് സ്കിറ്റുകള്‍ അവതരിപ്പിക്കാനായി ഓരോ തവണയുമെത്തുന്നത്.
ഒരുകാലത്ത് സ്റ്റേജിന്റെ വസന്തകാലമായി മിമിക്രി മാറിയിരുന്നുവെങ്കില്‍ ഇന്ന് ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മിമിക്രി ജനകീയമാകുന്നത്.
പരസ്യ ചിത്രങ്ങളിലും ഷാജുവിന്റെ സാന്നിധ്യമുണ്ടല്ലോ?
അതെ. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പവും മഞ്ജു ചേച്ചിക്കൊപ്പവുമുള്ള അഭിനയം ഒരനുഭവം തന്നെയായിരുന്നു.
പുതിയ ചിത്രങ്ങളെക്കുറിച്ച്...?
പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. പിന്നെ അനൂപ് മേനോന് സംവിധാനം ചെയ്യുന്ന കിംഗ്ഫിഷറില്‍ നല്ലൊരു വേഷമാണ് ചെയ്യുന്നത്.
മാസ്ക് എന്ന ചിത്രത്തിലെ കഥാപാത്രവും വേറിട്ടതാണ്. സച്ചി സംവിധാനം ചെയ്യുന്ന പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ പോവുകയാണ്. പട്ടാഭിരാമനാണ് മറ്റൊരു ചിത്രം.
നെഗറ്റീവ് റോള്‍ ചെയ്യാന്‍ മോഹം
സിനിമാഭിനയത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ നല്ലൊരു ക്യാരക്ടര്‍ വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സിനിമയേക്കാള്‍ സീരിയലുകളിലാണ് വേറിട്ട വേഷം ചെയ്തിട്ടുള്ളത്. ഒരു നടന് ശബ്ദവും സൗന്ദര്യവും ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല.
അയാളുടെ കഴിവിനനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ചു നല്കാന് സംവിധായകര്‍ക്കാണ് കഴിയുക. തികച്ചും നെഗറ്റീവായ റോള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നെഗറ്റീവ് റോളുകള്‍ എനിക്ക് കംഫര്ട്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം റോളുകള്‍ സംവിധായകര്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
എം.എസ്. ദാസ് മാട്ടുമന്ത
രതീഷ് കരിമ്പനയ്ക്കല്‍