
ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ ടാറ്റ മോട്ടോഴ്സ് കൂടുതല്‍ ഫീച്ചറുകള്‍ നല്കി പരിഷ്കരിക്കും. നിലവില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍, വിന്‍ഡോകള്‍ക്കും റിയര്‍ വിന്‍ഡ്സ്ക്രീനിനും ഫാക്റ്ററി ഫിറ്റഡ് ടിന്റഡ് ഗ്ലാസുകള്‍, കൂള്‍ഡ് ഗ്ലൗവ് ബോക്സ്, ഇലക്ട്രിക് ബൂട്ട് റിലീസ് (ടിഗോര്‍) എന്നിവ ടാറ്റ മോട്ടോഴ്സിന്റെ ഹൈ പെര്‍ഫോമന്‍സ് മോഡലുകളില്‍ നല്‍കിയിട്ടുണ്ട്.
ടിയാഗോ ജെടിപി മോഡലിന് 6.39 ലക്ഷം രൂപയും ടിഗോര്‍ ജെടിപി മോഡലിന് 7.49 ലക്ഷം രൂപയുമാണ് നിലവില്‍ ഡെല്‍ഹി എക്സ് ഷോറൂം വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രിക് ബൂട്ട് റിലീസ് ഫംഗ്ഷന് എന്നിവ ടിയാഗോ ഹാച്ച്ബാക്കില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം രണ്ട് കാറുകളിലും നല്‍കും. ടച്ച്സ്ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവ നല്‍കുന്നതോടെ കാറുകളുടെ വില 25,000 രൂപയോളം വര്‍ധിക്കും.
പുതിയ തലമുറ 1.2ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ടിയാഗോ, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് കരുത്തുപകരുന്നത്. 114പിഎസ് കരുത്തും, 150എന്‍എം ടോര്‍ക്കും ലഭ്യമാകുന്ന വാഹനങ്ങളില്‍ സിറ്റി, സ്പോര്‍ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡലുകളും ഉണ്ട്.






