
തിരുവനന്തപുരം: ഇന്ത്യന്‍ താരമായ റോബിന് ഉത്തപ്പ ഇനി കേരളത്തിനൊപ്പം. ആഭ്യന്തര ക്രിക്കറ്റിലെ പുതിയ സീസണിലാണ് കര്‍ണാടക വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനായ റോബിന് ഉത്തപ്പ കേരളവുമായി കരാറിലെത്തിയത്. തിമ്മപ്പയ്യ ട്രോഫി ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഹിമാചലിനെതിരെ ആദ്യമായി റോബിന് ഉത്തപ്പ കേരളത്തിലിനായി മൈതാനത്തിറങ്ങും.
മുന്‍ നിര ബാറ്റ്സ്മാനായി തന്നെയാണ് റോബിന് ഉത്തപ്പ ഇറങ്ങുക. ഉത്തപ്പയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞ സീസണില്‍ കേരളം ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേനയേും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം തമിഴ്നാട് ബാറ്റ്സ്മാന് അരുണ്‍ കാര്‍ത്തിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കി.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന തിമ്മപ്പയ്യ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ബംഗാളിനോട് അഞ്ചു വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കര്‍ണാടകത്തോട് പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഹിമാചലിനെതിരെ ജയിച്ചാലും നോക്കൗട്ടിലെത്താന്‍ സാധ്യത കുറവാണ്. അന്താരാഷ്ട്ര പരിശീലകന് ഡേവ് വാട്മോര്‍ ഇക്കുറിയും കേരളത്തിനൊപ്പമുണ്ട്. സോണി ചെറുവത്തൂരും കെ.രാജഗോപാലുമാണ് കേരള ടീമിന്റെ സഹപരിശീലകര്‍.






