
കൊച്ചി: കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്.ഐയുടെ നേതൃത്വത്തില്‍ മത്സ്യമാര്‍ക്കറ്റുകളിലെ വില ഓണ്‍ലൈനായി അറിയാന്‍ ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നു. മത്സ്യമാര്‍ക്കെറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വികസിപ്പിക്കതിനായാണ് ഇത്. മത്സ്യമാര്ക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതാത് മാര്‍ക്കെറ്റുകളിലെ തത്സമയ മീന്‍ വില എന്നിവ പൊതു ജനങ്ങള്‍ക്ക് അറിയുന്നതിനും വാണിജ്യ പ്രാധാന്യമുള്ള മീനുകളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കും.
മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും വിതരണക്കാരും തുടങ്ങിയ എല്ലാവര്ക്കും ഒരു പോലെ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്ന് സി.എം.എഫ്.ആര്.ഐ പറയുന്നു. രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാന്‍ഡിംഗ് സെന്ററുകള്‍, മൊത്തവ്യാപാര മാര്‍ക്കെറ്റുകള്‍, ചില്ലറ വ്യാപാര മാര്‍ക്കെറ്റുകള്‍ കൃഷി ഉല്പാദന മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍ ഉല്‍പ്പെടും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് സി.എം.എഫ്.ആര്.ഐ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കെറ്റുകളാണ് ഉണ്ടാവുക.
ഓരോ മാര്ക്കെറ്റുകള കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ചതോറുമുള്ള മീന്‍ വിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കും. മാര്‍ക്കറ്റുകളുടെ സ്ഥിതിവവരം, വിപണന സമയം, ഗതാഗത സൗകര്യം, മീന്‍ വരവ്, വില്‍പ്പനയ്ക്കുള്ള മീനുകള്‍, കൂടുതല്‍ ആവശ്യക്കാരുള്ള മീനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, 150ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓണ്‍ലൈനായി എന്‍.എഫ്.ഡി.ബി (www.nfdb.gov.in) സി.എം.എഫ്.ആര്.ഐ (www.cmfri.org.in) വെബ്സൈറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മുതല്‍ അറിയാനാകും. പിന്നീട് ഇതിന് മാത്രമായി പ്രത്യേകം വെബ്സൈറ്റ് ആരംഭിക്കും.






