
തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. മലയന്‍കീഴില്‍ നിന്നാണ് രാഹുലിനെ പൂവാര്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. ഒന്നാം പ്രതിയും സൈനികനുമായ അഖിലിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം രാഹുല്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയെന്ന് പിതാവ് മണിയന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നില്ല. രാഹുല്‍ കുറ്റം സമ്മതിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. മരണം സംഭവിച്ചതോടെ പറമ്പില്‍ കുഴിച്ചുമൂടിയെന്നും രാഹുല്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കേസില്‍ ഇവരുടെ സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
രാഖിയും അഖിലും ഫെബ്രുവരിയില്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്നാണ് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ മറ്റൊരു വിവാഹത്തിന് അഖില്‍ ശ്രമിച്ചതോടെയാണ് രാഖി ഇത് തടയുന്നതും തുടര്‍ന്ന് രാഖിയെ ദാരുണമായി കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൂവാറില്‍ നിന്ന് കാണാതായ രാഖിയെ അമ്പൂരിയില്‍ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.






