
ഓയ്സ്റ്റര്‍ എന്ന പ്രീമിയം ബസുമായി അശോക് ലെയ്ലന്ഡ് ഇന്ത്യന്‍ വിപണിയില്‍ . സ്വന്തമായി രൂപകല്‍പ്പന നടത്തി നിര്‍മ്മിച്ചതാണ് പ്രീമിയം ബസ്. എയര്‍ കണ്ടീഷന്‍ഡ്, മിഡി-ബസ്സാണ് വിപണിയിലെത്തിച്ചത്. ബസിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.
ഓഫീസ് ജീവനക്കാരുടെ ദൈനംദിന യാത്രകള്‍ക്കും വിനോദസഞ്ചാര യാത്രകള്‍ക്കും വേണ്ടി നിര്‍മ്മിച്ചതാണ് ഓയ്സ്റ്റര്‍. മൊബീല്‍ ചാര്‍ജിംഗ് പോയന്റുകള്‍, റീഡിംഗ് ലാംപ്, സൈഡ് ലഗേജ് ബൂത്ത് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ആം റെസ്റ്റുകള്‍ സഹിതം 41 റിക്ലൈനിംഗ് സീറ്റുകള്‍ നല്കിയിരിക്കുന്നു. ഓയ്സ്റ്റര്‍ ബസ് ഉപയോഗിക്കുന്നത് എച്ച് സീരീസ് 4 സിലിണ്ടര്‍ ഐ-ഇജിആര്‍ ഡീസല്‍ എന്‍ജിനാണ്.
ബിഎസ് 4 എന്ജിന് 127 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടില്‍റ്റ്, ടെലിസ്കോപിക് സ്റ്റിയറിംഗ്, കേബിള്‍ ഷിഫ്റ്റ് ഗിയര്‍ മെക്കാനിസം എന്നിവ നല്കിയിരിക്കുന്നു.
ഓയ്സ്റ്റര്‍ ബസ്സുകള്‍ അന്താരാഷ്ട്ര വിപണികളില്‍ വലിയ വിജയം നേടിയിട്ടുണ്ട്. സുഖയാത്ര, സുരക്ഷ, പ്രകടനമികവ് എന്നിവ സമ്മാനിക്കുന്നതാണ് ഓയ്സ്റ്റര്‍ ബസ് എന്ന് അശോക് ലെയ്ലന്ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനൂജ് കതുരിയ പറഞ്ഞു.






