തൃശ്ശൂര്‍: ചാവക്കാട് ഇന്നലെ രാത്രി വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. പുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. നാല് പേര്‍ക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.
പരിക്കേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനിലതരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി എസ്ഡിപിഐ ഓഫീസില്‍ പുറത്തുനിന്നുള്ളയാളുകളെത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി നിരവധി ബൈക്കുകളിലായെത്തിയ മുഖംമൂടി ധരിച്ച അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു. സംഘത്തില്‍ 14 പേരാണുണ്ടായിരുന്നത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.






