
മൂന്ന് യമഹ മോഡലുകള്‍ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി നിറങ്ങളില്‍ വിപണിയിലെത്തിച്ചു. വൈഇസഡ്എഫ് ആര്15 വി 3.0, എഫ്ഇസഡ്25 മോട്ടോര്‍സൈക്കിളുകളും സിഗ്നസ് റേ സ്കൂട്ടറുമാണ് പുറത്തിറക്കിയത്. സൈഡ് പാനലുകള്‍, മുന്നിലെ ഫെയറിംഗ് എന്നിവിടങ്ങളില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഗ്രാഫിക്സ് കാണാം.
റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു യമഹ സ്കൂട്ടര്‍ മോട്ടോജിപി റേസ് ഗ്രാഫിക്സ് അണിയുന്നത്. മൂന്ന് ലിമിറ്റഡ് എഡിഷന് മോഡലുകള്‍ക്കൊപ്പം മോണ്‍സ്റ്റര്‍ എനര്‍ജി ബ്രാന്‍ഡ് ടി-ഷര്‍ട്ട് ലഭിക്കും. മെക്കാനിക്കല്‍ കാര്യങ്ങളില്‍, മൂന്ന് വാഹനങ്ങളും അതാത് സ്റ്റാന്‍ഡേഡ് മോഡലുകളുമായി വ്യത്യാസമില്ല.
സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ അല്‍പ്പം വില കൂടുതലാണ് പ്രത്യേക കളര്‍ സ്കീമുകളില്‍ പുറത്തിറക്കിയ വാഹനങ്ങള്‍ക്ക്. മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി ആര്15 മോട്ടോര്‍സൈക്കിളിന് 1,42,780 രൂപയാണ് വില. ഡാര്‍ക്നൈറ്റ് കളര്‍ സ്കീമിനേക്കാള്‍ 500 രൂപയും സ്റ്റാന്‍ഡേഡ് നിറങ്ങളേക്കാള്‍ 2,500 രൂപയും കൂടുതല്‍.
മോണ്‍സ്റ്റര്‍ എനര്‍ജി കളര്‍ സ്കീം ലഭിച്ച എഫ്ഇസഡ്25 മോട്ടോര്‍സൈക്കിളിന് 1,36,680 രൂപയാണ് വില. 2,500 രൂപ കൂടുതല്‍. 59,028 രൂപയാണ് സിഗ്നസ് റേ ഇസഡ്ആര്‍ സ്കൂട്ടറിന്റെ വില. ഡാര്‍ക്നൈറ്റ് കളര്‍ സ്കീമിനേക്കാള്‍ 500 രൂപയും സ്റ്റാന്‍ഡേഡ് നിറങ്ങളേക്കാള്‍ 1,500 രൂപയും കൂടുതല്‍.
എല്ലാം ഡെല്‍ഹി എക്സ് ഷോറൂം വില. ഇതാദ്യമായല്ല ആര്15 വി 3.0 മോട്ടോര്‍സൈക്കിളിന്റെ മോട്ടോജിപി എഡിഷന് പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിപണിയിലെത്തിച്ചിരുന്നു. ഈ സീസണിന്റെ തുടക്കം മുതല്‍ മോണ്‍സ്റ്റര്‍ എനര്‍ജിയാണ് യമഹ മോട്ടോജിപി ടീമിന്റെ ടൈറ്റില്‍ സ്പോണ്സര്.






