
ഇന്ത്യയില്‍ സിഎഫ് മോട്ടോ മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് ആരംഭിച്ചു. ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ 300എന്‍കെ, 650എന്‍കെ, 650 എംടി, 650ജിടി എന്നീ നാല് ബൈക്കുകളാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
എഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍സ് എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് 5,000 രൂപ നല്കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. 2.29 ലക്ഷം (300എന്‍കെ) മുതല്‍ 5.45 ലക്ഷം രൂപ (650ജിടി) വരെയാണ് ബൈക്കുകളുടെ പ്രാരംഭ വില. ബെംഗളൂരു ആസ്ഥാനമായ എഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍സാണ് സിഎഫ് മോട്ടോയുടെ ഇന്ത്യയിലെ പങ്കാളി.
300എന്‍കെ സ്ട്രീറ്റ്-നേക്കഡ് മോട്ടോര്‍സൈക്കിളാണ്. 300എന്‍കെ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 292.2 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 7,200 ആര്‍പിഎമ്മില്‍ 34 എച്ച്പി കരുത്തും 8,800 ആര്‍പിഎമ്മില്‍ 20.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. യുഎസ്ഡി ഫോര്‍ക്കുകളും മോണോഷോക്കും സസ്പെന്ഷന് നിര്‍വ്വഹിക്കുന്നു. റെയ്ന്‍, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകള്‍ സഹിതം ടിഎഫ്ടി ഡിസ്പ്ലേ ഉണ്ട്.
എഎംഡബ്ല്യു-സിഎഫ് മോട്ടോ ഏഴ് ഡീലര്ഷിപ്പുകളുമായാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ പിന്നീട് തുറക്കും. സെപ്റ്റംബറില്‍ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. രണ്ട് വര്‍ഷ വാറന്റിയോടെയാണ് എല്ലാ സിഎഫ് മോട്ടോ മോഡലുകളും വരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷ ദീര്ഘിപ്പിച്ച വാറന്റിയും ലഭിക്കും.






