
ഒക്കിനാവ ഓട്ടോടെക് വിവിധ ഇലക്ട്രിക് സ്കൂട്ടര്‍ മോഡലുകളുടെ വില കുറച്ചു. 8,600 രൂപ വരെ വില കുറയുമെന്ന് കമ്പനി അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഒക്കിനാവ ഓട്ടോടെക്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചതോടെയാണ് തീരുമാനം.
ഇലക്ട്രിക് വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു യൂണിയന് ബജറ്റ് എന്ന് ഒക്കിനാവ ഓട്ടോടെക് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടറുകളുടെ വിലയില്‍ 2,500 മുതല്‍ 4,700 രൂപ വരെയാണ് കുറവ് വരുത്തിയത്. ലിഥിയം അയണ്‍ ബാറ്ററി നല്‍കിയിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ വില 3,400 രൂപ മുതല്‍ 8,600 രൂപ വരെ കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു.
ഒക്കിനാവ ഐ-പ്രെയ്സ് എന്ന ഇലക്ട്രിക് സ്കൂട്ടര്‍ ഈ വര്‍ഷം ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇ-എബിഎസ്, മൊബീല്‍ ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാം തുടങ്ങിയവ സവിശേഷതകളാണ്. അഴിച്ചുമാറ്റി ചാര്‍ജ് ചെയ്യാവുന്ന 2.9 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഐ-പ്രെയ്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകത.
മണിക്കൂറില്‍ 75 കിലോമീറ്ററാണ് ടോപ് സ്പീഡ്. സിംഗിള്‍ ചാര്‍ജില്‍ 160-180 കിലോമീറ്റര്‍ സഞ്ചരിക്കും. ജിയോ ഫെന്‍സിംഗ് ഫീച്ചറുള്ള ഒക്കിനാവ ഇക്കോ ആപ്പാണ് മറ്റൊരു സവിശേഷത. 1000 വാട്ട്, ബിഎല്‍ഡിസി ഇലക്ട്രിക് മോട്ടോറാണ് സ്കൂട്ടറിന് കരുത്തേകുന്നത്.






