
ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമാ സ്വരാജ് കൂടി വിടപറഞ്ഞപ്പോള്‍ ഡല്‍ഹിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നഷ്ടമായത് മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ. 1998 ല്‍ ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സുഷമാ സ്വരാജിന് ഇന്നലെ രാത്രി 10.50 ഓടെയാണ് ആശുപത്രിയില്‍ അന്ത്യം സംഭവിച്ചത്.
ഈ വര്‍ഷം ജൂലൈയിലായിരുന്നു മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മരണപ്പെട്ടത്. അതും ഹൃദയാഘാതമായിരുന്നു. ആദ്യം മരണമടഞ്ഞത് 1993-96 കാലത്തിനിടയില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി ഇരുന്ന മദന്‍ലാല്‍ ഖുരാനയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അദ്ദേഹം മരിച്ചത്.
ഷീലാ ദീക്ഷിതും സുഷമാ സ്വരാജും മരണമടഞ്ഞത് ഒരു മാസത്തെ കാലയളവിലാണ്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കേന്ദ്രമന്ത്രി എന്ന നിലയില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ബഹുമാനിതയാണ് സുഷമാ സ്വരാജ്. ഇന്ന് വൈകിട്ട് 3.30 യോടെ ഡല്‍ഹിയിലെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്ക്കാരം.






