
നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവാണ് പുതിയ റാങ്ക്ളര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. 63.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യയില്‍ മൂന്നാംതലമുറ മോഡലുമാണിത്. 5 ഡോര്‍ റാങ്ക്ളര്‍ അണ്‍ലിമിറ്റഡ് വകഭേദത്തില്‍ മാത്രമേ പുതിയ റാങ്ക്ളര്‍ ഇന്ത്യയില്‍ ലഭ്യമാകുകയുള്ളു.
ജീപ്പിന്റെ പ്രീമിയം ഔട്ട്ലെറ്റായ ജീപ്പ് ഡെസ്റ്റിനേഷന്‍ സ്റ്റോറുകള്‍ വഴിയാണ് ഇവയുടെ വില്പന, ഇത്തരത്തില്‍ 10 ഔട്ട്ലെറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇതുവരെയുള്ള റാംഗ്ലര്‍ തലമുറയിലെ ഏറ്റവും അഡ്വാന്‍സ്ഡ് മോഡലാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. നാലാം തലമുറ റാംഗ്ലറിനെ 2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് ജീപ്പ് അവതരിപ്പിച്ചത്. നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ജീപ്പ് ഇന്ത്യന്‍ നിരയിലുള്ളത്.
ബോക്സി രൂപത്തിലാണ് പുതുതലമുറ റാങ്ക്ളറും. റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ഐക്കണിക് സെവന് സ്ലോട്ട് ഗ്രില്‍, മാസീവ് ബോണറ്റ്, വലിയ ടെയില്‍ ലാമ്പ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ റാങ്ക്ളറിന് കരുത്തന് പരിവേഷം നല്‍കും. മുന്‍ മോഡലിനെക്കാള്‍ 130 എംഎം നീളവും 17 എംഎം വീതിയും 9 എംഎം ഉയരവും 61 എംഎം വീല്‍ബേസും പുതിയ റാങ്ക്ളറിന് കൂടുതലുണ്ട്.
ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേ, വലിയ 8.4 ഇഞ്ച് ജീപ്പ് യുകണക്റ്റ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്. ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, എട്ട് എയര്‍ ബാഗുകള്‍, ABS-EBD സംവിധാനം, ട്രാക്ഷന്‍ കണ്ട്രോള്, റിയര്‍ പാര്‍ക്കിംങ് സെന്‍സറുകള്‍, ESP, റിയര്‍ വ്യു ക്യാമറ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും പുതിയ റാംഗ്ലറിലുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ആംബിയന്റ് ലൈറ്റിങ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ 12V സോക്കറ്റ് എന്നിവ വാഹനത്തിലുണ്ട്.
270 bhp പവറും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 8 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക. ബിഎംഡബ്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ എന്നിവരാണ് വിപണിയില്‍ റാംഗ്ലറിന്റെ എതിരാളികള്‍.






