
ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഈ മാസം 20 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നിയോസ് വരുന്നതിനുമുന്നേ ഗ്രാന്‍ഡ് ഐ10 ഡീസല്‍ വില്‍ക്കുന്നത് ഹ്യുണ്ടായ് അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹാച്ച്ബാക്കിന്റെ ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പനയാണ് നിര്‍ത്തുന്നത്. എന്നാൽ, ഗ്രാന്‍ഡ് ഐ10 മോഡലിന്റെ പെട്രോള്‍ വേരിയന്റുകള്‍ തുടര്‍ന്നും ലഭ്യമാകും. മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 തുടര്‍ന്നും വില്‍ക്കുന്നത്.
ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഉപയോഗിക്കുന്നത് 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്ജിന് ആണ്. ഇത് 83 എച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ്. സമീപഭാവിയില്‍ തന്നെ ഈ എന്ജിന് ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും. 5 സ്പീഡ് മാന്വല്‍ മാത്രമായിരിക്കും ഗ്രാന്‍ഡ് ഐ10 പെട്രോള്‍ മോഡലിന്റെ ഗിയര്‍ബോക്സ് ഓപ്ഷന്. ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ ഗ്രാന്‍ഡ് ഐ10 നിയോസ് വാങ്ങേണ്ടിവരും. നിയോസിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കൂടെ എഎംടി ലഭിക്കും.
സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20, ഐ20 ആക്റ്റീവ് എന്നിവ കഴിഞ്ഞാല്‍ ഹ്യുണ്ടായ് നിരയിലെ അഞ്ചാമത്തെ ഹാച്ച്ബാക്കാണ് ഗ്രാന്‍ഡ് ഐ10 നിയോസ്. നിയോസിന്റെ പ്രധാന എതിരാളികള്‍ മാരുതി സുസുകി സ്വിഫ്റ്റ്, ഫോഡ് ഫിഗോ, ഫോക്സ്വാഗണ് പോളോ എന്നിവയാണ്. നിയോസ് എത്തിയാൽ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന്റെ വില 20,000 രൂപയോളം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






