
മോഹന്‍ലാലിന്റെ ഓണചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' യുടെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഓഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിറ്റും 15 സെക്കന്‍ഡും നീളുന്ന ടീസറില്‍ ചൈനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലും കെ.പി.എ.സി ലളിതയുമാണ് നിറഞ്ഞുനില്ക്കുന്നത്. ഒപ്പം സലീം കുമാറും പള്ളിവികാരിയുടെ വേഷത്തില്‍ സിദ്ദിഖുമുണ്ട് ടീസറില്‍.
നവാഗതരായ ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന'. ആശിര്‍വാസ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും സാമ്പത്തിക വിജയമായ 'ലൂസിഫറിനു' ശേഷം തീയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയും ആണ് ഇട്ടിമാണി. പത്മരാജന്റെ ' തൂവാനത്തുമ്പി'യിലാണ് മോഹന്‍ലാല്‍ ഇതിനു മുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.
മോഹന്‍ലാലിനൊപ്പം അജു വര്‍ഗീസ്, ഹരീഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്, സിജോയ് വര്‍ഗീസ്, അരിസ്റ്റോ സുരേഷ്, സലീം കുമാര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത, സ്വാസിക, വിനു മോഹന്‍, ജോണി ആന്റണി, കൈലാഷ്, തുടങ്ങിയ വന്‍ താരനിര ആണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക് ആണ്.






