
ഫോര്‍ട്ട്കൊച്ചിയിലെ പിക്സോ സ്റ്റുഡിയോയില്‍ നടന്ന കന്യകയുടെ കവര്‍ ഷൂട്ടിന് യുവത്വത്തിന്റെ പ്രസരിപ്പിനൊപ്പം സൗഹൃദത്തിന്റെ മധുരവുമുണ്ടായിരുന്നു. സുഹൃത്തുക്കളായ രണ്ട് യുവതാരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് വേദികൂടിയാവുകയായിരുന്നു.
നീലത്താമര എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കെത്തിയ കൈലാഷും ഓര്‍ഡിനറിയിലൂടെ നായികയായെത്തിയ ശ്രിത ശിവദാസുമാണ് ആ സുഹൃത്തുക്കള്‍. നീണ്ടനാളത്തെ വിശേഷങ്ങള്‍ പറഞ്ഞും പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചും ആ സുഹൃത്തുക്കള്‍ തങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
ഫോട്ടോഷൂട്ടിന്റെ ഇടവേളകളില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതിന്റെ സന്തോഷം പങ്കിട്ട് കൈലാഷും തമിഴിലൂടെ സിനിമയിലേക്ക് വീണ്ടുമെത്തിയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് ശ്രിതയും ആ സൗഹൃദം കൊണ്ടാടുകയായിരുന്നു.
കൈലാഷ്: നീണ്ട നാളുകള്‍ക്കുശേഷം കാണുമ്പോള്‍ ശ്രിതയില് പ്രൊഫഷണലായ ഒരു നടിയുടെ പക്വത കാണുന്നുണ്ട്. ഒപ്പം കൂടുതല്‍ സ്മാര്ട്ടായിട്ടുമുണ്ട്.
ശ്രിത: കൈലാഷും ചുള്ളനായിട്ടുണ്ട്. 10.30 എ.എം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് ഒരുപാടൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലല്ലോ. അതെന്റെ രണ്ടാമത്തെ സിനിമയായിരുന്നു. നല്ല ടെന്‍ഷനോടെയാണ് ഞാന്‍ ലൊക്കേഷനിലെത്തിയതും. അന്നൊക്കെ ഷൂട്ടിനെക്കുറിച്ച് മാത്രമായിരുന്നു നമ്മള് സംസാരിച്ചത്. സത്യത്തില്‍ ഇത്രയും സ്വീറ്റായ ആളാണ് കൈലാഷെന്ന് അറിയില്ലായിരുന്നു.
ഇത്രയും നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ എന്റെ ലുക്ക് മാറിയെന്ന കോപ്ലിമെന്റും കോണ്‍ഫിഡന്‍സ് ലെവല്‍ കൂടിയിട്ടുണ്ടെന്നുമൊക്കെ പറഞ്ഞത് തന്നെ വലിയ കാര്യം. ഇങ്ങനെയുള്ള നല്ല കാര്യങ്ങളൊന്നും ആരും എടുത്ത് പറയാറില്ല. ശരിക്കുമൊരു മോട്ടിവേഷനാണ്.
കൈലാഷ്: നല്ല സൗഹൃദങ്ങളും ഓര്‍മ്മകളും സമ്മാനിച്ച ചിത്രമായിരുന്നു 10.30 എ.എം ലോക്കല്‍ കോള്‍. ചിത്രത്തിന്റെ സംവിധായകന് മനു ചേട്ടനെ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയം മുതല്‍ എനിക്കറിയാം. ഷാജി കൈലാസ് സാറിന്റെ അസോസിയേറ്റാണ്. അന്നും ഷാജി സാറിനെ കാണാന്‍ ചേട്ടന് സഹായിച്ചിട്ടുണ്ട്. അതേ ആളുടെ സിനിമയില്‍ നടനായി നില്‍ക്കാനും എനിക്ക് ഭാഗ്യമുണ്ടായി. അതൊരു നിമിത്തമായിട്ടാണ് ഞാന്‍ കാണുന്നത്.
ശ്രിത: ചാന്‍സ് ചോദിച്ച് നടന്ന് സിനിമയിലെത്തിയിട്ട് ഇത്രയും വര്‍ഷങ്ങളാകുന്നു. സിനിമ തന്ന സൗഭാഗ്യങ്ങളെക്കുറിച്ച്?
കൈലാഷ്: സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തില്‍ നിന്ന് കൊച്ചിയിലെത്തി സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ ശ്രമിച്ച ആളാണ് ഞാന്‍. കടന്നുപോയ വര്‍ഷങ്ങളില്‍ എന്നെ മുന്നോട്ട് നയിച്ചത് സിനിമയാണ്. ഈ കാലയളവില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങളെല്ലാം സിനിമ കാരണമാണ്. ഇത്രയും നാള് സിനിമയില്‍ നില്ക്കാന് കഴിഞ്ഞെന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതിന് ദൈവത്തോടും സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഗുരുക്കന്മാരോടും നന്ദി പറയുന്നു. അതുല്യ പ്രതിഭകളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ചെറിയ റോളുകള്‍, നെഗറ്റീവ് റോളുകളൊക്കെ അഭിനയിച്ച എന്നെ ഇത്രയും നാള് കാത്തത് സിനിമയാണ്.
ഇതിനിടയില്‍ സിനിമ കുറഞ്ഞ കാലഘട്ടമുണ്ടായിട്ടുണ്ട്. ആ സമയത്തും സാമ്പത്തിക പ്രശ്നങ്ങളടക്കമുള്ള ബുദ്ധിമുട്ടുകളൊന്നും കൂടാതെ ജീവിക്കാന്‍ കഴിഞ്ഞതിന്റെ കാരണവും സിനിമയാണ്. സിനിമയില്ലാതിരുന്ന സമയത്ത് ഉദ്ഘാടനങ്ങള്‍ക്കും കോളജ് പരിപാടികള്ക്കുംവേണ്ടി യാതൊരു മുന്‍പരിചയവും ഇല്ലാത്തവര്‍ പോലും വിളിക്കുന്നുണ്ടായിരുന്നു. ഒരു സിനിമാനടന് മാത്രം കിട്ടുന്ന പ്രിവിലേജുകളിലൊന്നാണത്.
പിന്നെ കുറേയേറെ സൗഹൃദങ്ങള്‍, ഒരു സാധാരണക്കാരന് ഒരിക്കലും കാണാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഒക്കെ അനുഭവിക്കാന്‍ കഴിഞ്ഞു. പല സ്ഥലങ്ങളും ഭക്ഷണരീതികളും പല ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെയുമൊക്കെ അറിയാനായി. ഇതൊക്കെ അറിഞ്ഞോ അറിയാതെയോ ജീവിതത്തില്‍ വ്യത്യാസം വരുത്തുന്നുണ്ട്.
യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. സിനിമകളുടെ ഭാഗമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു. യൂണിവേഴ്സിറ്റി കോളജ് മുതല്‍ പയ്യന്നൂര്‍ കോളജ് വരെയുള്ള മുന്നൂറോളം കോളജുകളില്‍ അതിഥിയായി പങ്കെടുത്തു. ഈ യാത്രകളിലൂടെ നമുക്ക് മുമ്പേ സഞ്ചരിച്ചവരെക്കുറിച്ചറിയാന് കഴിഞ്ഞു. ഇതെല്ലാം സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളാണ്.
ശ്രിത: പാര്‍വതി എന്ന കോളജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ശ്രിത എന്ന വ്യക്തിയിലേക്കുള്ള വളര്‍ച്ചയാണ് സിനിമ എനിക്ക് സമ്മാനിച്ചത്. അന്നത്തെ കോളജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മാറി ഞാനിന്ന് ശരിക്കും ബോള്‍ഡായി. പിന്നെ എല്ലാവരേയുംപോലെ കാലങ്ങള്‍ എന്നിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും നല്ലതിനാണെന്നാണ് ഞാന്‍ കരുതുന്നത്.
കൈലാഷ്: ഇപ്പോഴും ശ്രിത ഒരു പുതുമുഖ നായികയാണ്, തമിഴില്‍ അഭിനയിച്ച് തുടങ്ങിയിട്ടല്ലേയുള്ളൂ.
ശ്രിത: മലയാളത്തില്‍ കുറച്ചു സിനിമകള്‍ ചെയ്തു കഴിഞ്ഞ് കരിയറില്‍ ചെറിയൊരു ബ്രേക്ക് വന്നു. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ബിനു എന്ന സുഹൃത്ത് മുഖേനെ ധില്ലുകു ധുഡ്ഡു 2 എന്ന തമിഴ് ചിത്രത്തില്‍ നിന്ന് ഓഫര്‍ വരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു മലയാളി നടിയെ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ബിനു അവര്‍ക്കയച്ച ഫോട്ടോസിനൊപ്പം എന്റെ ഫോട്ടോയുമുണ്ടായിരുന്നു. അങ്ങനെ എന്നെ ഓഡീഷന് വിളിച്ചു. ഞാന്‍ സെലക്ടായി.
കൈലാഷ്: ഇപ്പോള്‍ തമിഴൊക്കെ അറിയാമല്ലോ? തുടക്കത്തില്‍ ഭാഷ പ്രശ്നമായില്ലേ?
ശ്രിത: ആദ്യമായി സിനിമയിലഭിനയിക്കുന്ന ടെന്‍ഷനോടെയാണ് ഞാന്‍ ലൊക്കേഷനിലെത്തിയത്. ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷമായിരുന്നു എനിക്ക്. മലയാളം കലര്‍ന്ന തമിഴായിരുന്നു എന്റെ ഡയലോഗുകള്‍. സന്താനം സാറിനൊപ്പമാണ് അഭിനയിച്ചത്. അദ്ദേഹവും അണിയറപ്രവര്‍ത്തകരുമൊക്കെ ഭയങ്കര സപ്പോര്‍ട്ടായിരുന്നു. അതുകൊണ്ടുതന്നെ അന്യ ഭാഷയില്‍ അഭിനയിക്കുന്നപോലെ തോന്നിയില്ല. ഇപ്പോള്‍ ഞാന്‍ അത്യാവശ്യം തമിഴ് സംസാരിക്കും. നീലത്താമര മുതല്‍ ബ്രേക്കുകളൊന്നുമില്ലാതെ നല്ല സിനിമകളുടെ ഭാഗമാകാന്‍ കൈലാഷിന് കഴിഞ്ഞല്ലോ?
കൈലാഷ്: എംടി സാര്‍ നീലത്താമരയുടെ രണ്ടാംഭാഗം ചെയ്യാന്‍ തീരുമാനിക്കുന്നതും ഞാനതിലേക്ക് എത്തിയതുമെല്ലാം ഒരു നിമിത്തമായിരുന്നു. ലാല്‍ജോസ് സാറിന്റെയും, വിദ്യാസാഗര്‍ സാറിന്റെയും സുരേഷ് കുമാര്‍ സാറിന്റെയുമൊക്കെ രൂപത്തില്‍ ദൈവം എനിക്കായി തന്ന ഒരവസരം. പിന്നീട് സിനിമയെ മറ്റൊരു തരത്തില്‍ കാണാന്‍ അവസരം തന്നത് ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രമാണ്.
അതുവരെ കൊമേഷ്യല്‍ സിനിമകളുടെ ഭാഗമായിരുന്ന എനിക്ക് സിനിമയെക്കുറിച്ച് വേറെ തരത്തില്‍ ചിന്തിക്കാന്‍ അവസരം കിട്ടി. ടി.വി ചന്ദ്രന് സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ക്ലാസിക് സിനിമയെക്കുറിച്ചും ലോകപ്രശസ്തര്ക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞു തന്നു. ആ സിനിമ പല ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു. അവിടുത്തെ ഓഡിയന്‍സ് വേറെ ലെവലിലുള്ളവരായിരുന്നു. കരിയറില്‍ വേറിട്ട ചുവടുവയ്പ്പായിരുന്നു ആ ചിത്രത്തിലൂടെ കിട്ടിയത്.
ശ്രിത: തുടക്കത്തില്‍ ഏത് തരം സിനിമകള്‍ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞുതരാനും ഗൈഡ് ചെയ്യാനും എനിക്കാരുമില്ലായിരുന്നു. കോളജ് പഠനം കഴിയുന്ന സമയത്താണ് ഞാന്‍ ഓര്‍ഡിനറിയില്‍ അഭിനയിച്ചത്. ആ സമയത്തൊന്നും സിനിമയെക്കുറിച്ചൊരു സീരിയസ്നെസും ഇല്ലായിരുന്നു. ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ഞാനെന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. ആ ലുക്ക് കാണുമ്പോള്‍ ചിരി വരും.
അന്നൊന്നും ഫിറ്റ്നെസും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചറിവില്ലായിരുന്നു. ഇപ്പോഴും എന്നെ കാണുമ്പോള്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് ഓര്‍ഡിനിറി എന്ന ചിത്രത്തെക്കുറിച്ചാണ്. തമിഴില്‍ സിനിമ ഹിറ്റായതോടെ പുതിയ ഓഫറുകള്‍ വരുന്നുണ്ട്. രണ്ടാമത്തെ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് നോക്കി സെലക്ടീവാകാവുന്ന തരത്തില്‍ പല കഥകളും ഇപ്പോഴെന്നെ തേടിയെത്തുന്നുണ്ട്.
കൈലാഷ്: കഴിവുള്ള സിനിമാ പ്രവര്‍ത്തകരാണ് നമ്മളെപ്പോലെയുള്ളവരുടെ സിനിമ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നത്. എന്റെ കരിയറില്‍ നിര്‍ണ്ണായകമായ കഥാപാത്രങ്ങളൊന്നും എന്റെ തീരുമാനങ്ങളായിരുന്നില്ല. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ വില്ലന്‍ വേഷമായിരുന്നു എനിക്ക്. ആ വേഷം ഞാന്‍ ചെയ്യട്ടെ എന്ന് പറഞ്ഞത് മമ്മൂക്കയാണ്. അതും ദൈവത്തിന്റെ തീരുമാനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പിന്നീട് ഒരു ചെയ്ഞ്ച് തന്നത് ഉദയേട്ടനാണ്( ഉദയ് കൃഷ്ണ). ഉദയേട്ടനോടൊപ്പം മുമ്പും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മാസ്റ്റര്‍ പീസ് എന്ന ചിത്രത്തില്‍ അദ്ദേഹമെനിക്ക് ഒരു പോലീസ് ഓഫീസറുടെ വേഷമാണ് തന്നത്. എനിക്ക് ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് മനസിലാക്കി തന്നത് ആ വേഷമായിരുന്നു.
പിന്നീടാണ് ഒടിയനില്‍ അഭിനയിച്ചത്. കുറച്ച് കഥാപാത്രങ്ങളേ ആ സിനിമയിലുള്ളുവെങ്കിലും അതില്‍ നിര്‍ണ്ണായകമായൊരു വേഷമെനിക്ക് ചെയ്യാന്‍ കഴിഞ്ഞു. എം.ജി യൂണിവേഴ്സിറ്റിയുടെ സമക്ഷം എന്ന സിനിമയും കരിയറില്‍ വ്യത്യസ്തമായ അനുഭവമായിരുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി സിനിമ ചെയ്യുന്നത്. അതില്‍ പ്രധാന വേഷം ചെയ്യാന്‍ കഴിഞ്ഞു.
എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോഴഞ്ചേരി സെന്റ് തോമസ് കോളജിലാണ്് പഠിച്ചതെങ്കിലും ഒരു തവണ മാത്രമേ ഞാനാ യൂണിവേഴ്സിറ്റിയില്‍ പോയിട്ടുള്ളൂ. ആ ക്യാംപസില്‍ 30 ദിവസം എനിക്ക് താമസിക്കാന്‍ പറ്റി. വ്യത്യസ്തമായ അനുഭവങ്ങളല്ലേ ഇതെല്ലാം? ജീവിതത്തി ല്‍ ഏറ്റവും ആസ്വദിച്ച നിമിഷങ്ങളില്‍ ചിലതാണിത്.
ശ്രിത: എന്റെ ആദ്യ തമിഴ് സിനിമയും ഇതുപോലെ ദൈവത്തിന്റെ തീരുമാനമാകാം. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ധില്ലുകു ധുഡ്ഡു 2 കോമഡി ഹൊറര്‍ ചിത്രമായിരുന്നു. ലൊക്കേഷനിലെത്തുമ്പോള്‍ എപ്പോഴാണ് യക്ഷിയായി മേക്കോവര്‍ ചെയ്യുന്നതെന്ന ആകാംഷയിലായിരുന്നു ഞാന്‍. പിന്നീടാണറിഞ്ഞത് യക്ഷിയായി എനിക്ക് മേക്കോവറില്ലെന്നും ഗ്രാഫിക്സ് ഇഫക്ടിലാണ് ചെയ്യുന്നതെന്നും. കൈലാഷിന്റെ ലേറ്റസ്റ്റ് സിനിമകളെല്ലാം മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പമാണല്ലോ. യൂ ആര് റിയലി ലക്കി.
കൈലാഷ്: ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴാണ് നാണയം എന്ന സിനിമ ദൂരദര്‍ശനില്‍ കാണുന്നത്. ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചഭിനിയിച്ച സിനിമയാണത്. ഞാനീ കാര്യം അവരോട് പറഞ്ഞിട്ടുമുണ്ട്. അവര്‍ അന്നും ഇന്നും സൂപ്പര്‍സ്റ്റാറുകളാണ്. രണ്ടുപേര്‍ക്കുമൊപ്പം ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. അവരുടെ അടുത്തിരുന്ന് സംസാരിക്കാന്‍ കഴിഞ്ഞതുപോലും വലിയ കാര്യമാണ്. ശ്രിതയും ലക്കിയാണല്ലോ? തമിഴില്‍ സജീവമായ ശേഷം ലൊക്കേഷനുകളിലേക്ക് യാത്രയല്ലേ?
ശ്രിത: യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. വീടല്ലാതെ ലൊക്കേഷനുകളില്‍ സ്റ്റേ ചെയ്യുന്നതും ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകുന്നതുമൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണോ?
കൈലേഷ്: നീലത്താമരയില്‍ പോലും ഞാന്‍ ആന്റിഹീറോയാണ്. പിന്നെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ തന്നെ ധൈര്യമായി. 10 .30 ലോക്കല്‍ കോള്‍ എന്ന സിനിമയിലും ആന്റിഹീറോ കഥാപാത്രമായിരുന്നല്ലോ? ഹോംലി മീല്‍സിലും നെഗറ്റീവ് വേഷം ചെയ്തു.
ശ്രിത സിനിമയിലേക്കെത്തിയ വിവരം മലയാളം ഇന്‍ഡസ്ട്രി അറിഞ്ഞില്ലെന്ന് തോന്നുന്നല്ലോ? ഓഫറുകള്‍ വരുന്നുണ്ടോ?
ശ്രിത: രണ്ടാം വരവ് മലയാളത്തില്‍ ആരും അറിഞ്ഞിട്ടില്ല. ഞാന്‍ പൊതുവെ ഇന്ഡ്രോവേര്ട്ടാണ്. സിനിമ സംബന്ധമായ ഫംഗ്ഷനുകളിലൊന്നും പങ്കെടുത്തിരുന്നില്ല. സോഷ്യല്‍ മീഡിയയിലും ആക്ടീവല്ല. തമിഴിലെ രണ്ടാമത്തെ ചിത്രത്തിനുശേഷം ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയില്‍ കാമിയോ റോള്‍ ചെയ്തിരുന്നു. ഇനി നല്ല പ്രോജക്ടുകള്‍ വരുമെന്നാണ് വിശ്വാസം.
കൈലാഷ്: ഞാന്‍ ലാലേട്ടനൊപ്പം അഭിനയിച്ച ഇട്ടിമാണി അടുത്ത മാസം റിലീസ് ചെയ്യും. പിന്നെ കമല്‍ സാറിന്റെ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ കാമിയോ റോള്‍ ചെയ്തു. (കോസ്റ്റിയൂം റെഡിയാണെന്ന് സ്റ്റൈലിസ്റ്റ് അറിയിച്ചതോടെ സൗഹൃദസംഭാഷണത്തിന് ബ്രേക്ക് നല്കി ഇരുവരും ഫോട്ടോഷൂട്ടിന് തയാറായി.)
Make up: Juli Julian
Stylist : Divya Unni
Studio : Pixo Studio , Fort kochi
അശ്വതി അശോക്