
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസ് ആസ്ഥാനത്ത് അപ്രതീക്ഷിത വാര്‍ത്തസമ്മേളനം നടത്തിയതിനു പിന്നാലെ ജോര്ബാര്ഗിലെ വസതിയില്‍ നിന്നാണ് പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത്. മുന്‍ കേന്ദ്ര ധനമന്ത്രിയെ അറസ്റ്റ് ചെയ്യാനായി അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടിക്രമങ്ങള്ക്കെതിരെയാണ് മമത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
കേസില്‍ അദേഹത്തിനെതിരെയുള്ള നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്തത് അടിച്ചമര്‍ത്തുന്നതിനു തുല്യമാണ്, അത് സങ്കടമുണ്ടാക്കുന്നതും ശരിയല്ലാത്തതുമാണെന്നും മമത ബാനര്‍ജി പ്രതികരിച്ചു.
ചിദംബരം മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്, രാജ്യത്തിന്റെ മുന്‍ ധന-ആഭ്യന്തര മന്ത്രിയാണ്.. അതിനാല്‍ അദേഹത്തിനെതിരെ സ്വീകരിച്ച ആ നടപടിക്രമങ്ങള്‍ തെറ്റാണ്. വിഷയത്തിലെ നിയമപരമായ വശത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്റെ അറസ്റ്റില്‍ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അപലപിച്ചത്. സര്‍ക്കാര്‍ പട്ടാപ്പകല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.






